വിദ്വേഷ പരാമർശം നടത്തിയ അര്‍ണബിൻ്റെ ഭാരത് റിപ്പബ്ലിക്കിന് ലണ്ടനില്‍ 19 ലക്ഷം പിഴ

UK Govt Body Slaps £20,000 Fine on Republic Bharat for 'Hate Speech Against Pakistanis'

റിപ്പബ്ലിക്ക് ടിവിയുടെ ഹിന്ദി പതിപ്പായ റിപ്പബ്ലിക്ക് ഭാരത് ടിവിക്ക് ലണ്ടനിൽ 20,000 പൗണ്ട് (19,85,162.86 രൂപ) പിഴ ഇടാക്കി. പാകിസ്താനി ജനതയ്ക്ക് നേരെയുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ക്കാണ് ബ്രിട്ടീഷ് ടിവി റെഗുലേറ്ററി അതോറിറ്റിയായ ഓഫ്‌കോം റിപ്പബ്ലിക്ക് ഭാരതിന് ഫൈന്‍ ഏര്‍പ്പെടുത്തിയത്. ബ്രോഡ്കാസ്റ്റിങ്ങ്, ടെലികമ്മ്യൂണിക്കേഷന്‍സ്, പോസ്റ്റല്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ അംഗീകരിച്ച സംഘടനയാണ് ഓഫ്കോം.

ഒരു വര്‍ഷം മുന്‍പ് ഭാരത് റിപ്പബ്ലിക്കില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയിലായിരുന്നു വിദ്വേഷ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിരുന്നത്. ഭാരത് റിപ്പബ്ലിക്കില്‍ 2019 സെപ്തംബര്‍ ആറിന് അര്‍ണബ് ഗോസ്വാമി അവതരിപ്പിച്ച പൂച്ഛാ ഹേ ഭാരത് എന്ന പരിപാടി ബ്രോഡ്കാസ്റ്റിങ്ങ് നിയമങ്ങള്‍ ലംഘിച്ചുവെന്ന് ഓഫ്കോം നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നു.

പരിപാടി അവതരിപ്പിച്ച റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബും അതിഥിയായെത്തിയ ആളുകളും ജനങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിക്കുന്ന ഭാഷയും പരാമര്‍ശങ്ങളും ഉപയോഗിച്ചുവെന്നും പരിപാടിയുടെ ഉള്ളടക്കം വിദ്വേഷ പരാമര്‍ശങ്ങള്‍ അടങ്ങിയതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പരിപാടിയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ വരുന്നുണ്ടെന്ന് ഭാരത് റിപ്പബ്ലിക്ക് ടിവിയെ ഓഫ്‌കോം നേരത്തെ അറിയിച്ചിരുന്നു. പരിപാടി യുകെയില്‍ സംപ്രേക്ഷണം ചെയ്യുന്നതിന് നിലവില്‍ വിലക്കുണ്ട്.

content highlights: UK Govt Body Slaps £20,000 Fine on Republic Bharat for ‘Hate Speech Against Pakistanis’