തമിഴ്നാട്ടിൽ മലയാളി യുവാവിനെ അടിച്ചു കൊന്നു 

Malayali youth beaten to death by mob for alleged theft in Tamil Nadu

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു. മലയന്‍കീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്. മോഷ്ടാവെന്നാരോപിച്ചാണ് ദീപുവിനേയും അരവിന്ദിനേയും ജനക്കൂട്ടം മര്‍ദ്ദിച്ചത്. സുഹൃത്ത് അരവിന്ദ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ജിയാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മോഷ്ടാക്കളെന്ന് ആരോപിച്ച് ഒരു സംഘം ഗ്രാമവാസികള്‍ ഇരുവരേയും ആക്രമിക്കുകയായിരുന്നു. വീട് കുത്തിത്തുറന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ജനക്കൂട്ടം ഇരുവരേയും തടഞ്ഞുവെയ്ക്കുകയും പിന്നീട് ആക്രമിക്കുകയും ചെയ്തത്. 

സാരമായ പരിക്കേറ്റ ഇവര്‍ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ദീപുവിനെ നാട്ടുകാര്‍ കൈയ്യും കാലും കെട്ടിയിടുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരേയും പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ദീപു മരിക്കുകയായിരുന്നു. ഇവര്‍ മോഷണശ്രമം നടത്തിയോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്തിനാണ് ഇവര്‍ തിരുച്ചിറപ്പള്ളിയില്‍ എത്തിയത് എന്ന കാര്യത്തിലും പൊലീസ് വിശദീകരണം നല്‍കിയിട്ടില്ല. ആള്‍ക്കൂട്ട അക്രമണം എന്നാണ് പ്രാഥമികമായി പൊലീസ് വിലയിരുത്തുന്നത്. 

content highlights: Malayali youth beaten to death by mob for alleged theft in Tamil Nadu