പുതുവത്സരാഘോഷത്തിൽ 30 പേരിൽ കൂടുതൽ അനുവദനീയമല്ല, നിയമം ലംഘിക്കുന്നവർക്ക് വൻതുക പിഴ; നിയന്ത്രണങ്ങളുമായി ദുബൈ അധികൃതർ

Dh50,000 fine for violating partying rules

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷങ്ങൾക്ക് കൂടുതൽ നിയന്ത്രങ്ങളേർപെടുത്തി ദുബൈ. സ്വകാര്യ ഒത്തു ചേരലുകളിലും പൊതു ആഘോഷങ്ങളിലും 30 പേരിൽ കൂടുതൽ അനുവദനീയമല്ലെന്ന് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അറിയിച്ചു.

പാർട്ടികളിൽ പങ്കെടുക്കുന്ന എല്ലാവരും കൃത്യമായി മാസ്ക് ധരിക്കണമെന്നും പ്രായമായവരും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവരും ആഘോഷങ്ങളിൽ പങ്കെടുക്കരുതെന്നും അറിയിച്ചിട്ടുണ്ട്. ചുമയോ പനിയോ മറ്റ് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളോ ഉള്ളവർ ആഘോഷ പരിപാടികളിൽ നിന്നും വിട്ടു നിൽക്കണമെന്നും അധികൃതർ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്ക് വൻതുക പിഴ ചുമത്തും.

നിയന്ത്രണങ്ങൾ ലംഘിച്ച് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നവർക്ക് 50000 ദിർഹവും ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് 15000 ദിർഹവുമാണ് പിഴ. സാമൂഹിക അകലം കൃത്യമായി പാലിച്ചു വേണം പരിപാടിയിൽ പങ്കെടുക്കാൻ. ഒരാള്‍ക്ക് നാല് ചതുരശ്ര മീറ്റര്‍ സ്ഥലം എന്ന നിബന്ധന പാലിക്കണം. കൊവിഡ് സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ പരിശോധനകള്‍ നടത്തുമെന്നും കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

Content Highlights; Dh50,000 fine for violating partying rules