ഇന്ത്യയിൽ കോവിഷീൽഡ് വാക്സിന് ആദ്യം അനുമതി ലഭിച്ചേക്കും

Oxford Vaccine Likely To Be First To Get Approval In India, Say Officials

ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് ആദ്യം അനുമതി ലഭിക്കുക ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനകയും സംയുക്തമായി വികസിപ്പിച്ച കോവിഷീൽഡ് വാക്സിനാകുമെന്ന് റിപ്പോർട്ട്. അടുത്ത ആഴ്ച ഇന്ത്യയിൽ അടിയന്തര അനുമതി നൽകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഇന്ത്യയിൽ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് കോവിഷീൽഡ് വാക്സിൻ വികസിപ്പിക്കുന്നത്. ബ്രിട്ടനില്‍ വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചാല്‍ ഇന്ത്യയിലും അനുമതി നല്‍കിയേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

യുകെ ഡ്രഗ് റെഗുലേറ്ററിന്റെ അനുമതി ലഭ്യമായതിന് ശേഷം സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ വിദഗ്ധ സമിതി യോഗം ചേർന്ന് വാക്സിന്റെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്തും. ഇന്ത്യയിലും വിദേശത്തുമായി നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വിവരങ്ങൾ അവലോകനം ചെയ്യും. തുടർന്നാകും അടിയന്തര ഉപയോഗത്തിന് അനുമതി നൽകുക.

സീറം ഇൻസ്റ്റിറ്റ്യൂട്ടിനു പുറമേ ഭാരത് ബയോടെക്, ഫൈസർ എന്നീ കമ്പനികളും ഇന്ത്യയിൽ വാക്സിന്റെ അടിയന്തര അനുമതിക്കായി സമീപിച്ചിട്ടുണ്ട്. കൊവിഡ് വാക്‌സിന് ഉടന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഒന്നിലധികം വാക്‌സിനുകള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

content highlights: Oxford Vaccine Likely To Be First To Get Approval In India, Say Officials