ജനിതക മാറ്റം വന്ന പുതിയ കൊവിഡ് വൈറസ് രാജ്യത്താദ്യമയാി ആറ് പേരിൽ സ്ഥിരീകരിച്ചു. യുകെയിൽ നിന്നും തിരികെ ഇന്ത്യയിലെത്തിയ ആറ് പേരുടെ സാമ്പിളുകളിലാണ് പുതിയ സാർസ് കൊറോണ വൈറസ് കൊവിഡ് 19 വകഭേദം കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഈ വിവരം സ്ഥിരീകരിച്ചത്. മൂന്ന് പേർ ബംഗ്ളൂരുവിലും രണ്ട് പേർ ഹൈദരാബാദിലും ഒരാൾ പൂനെ എന്നിവിടങ്ങളിലുമാണ് എത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനിൽ നിന്നും രാജ്യത്തെത്തിയ 46 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സ്രവ സാംമ്പിൾ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ജീനോം സീക്വൻസിങ്ങിന് അയച്ചു. ആന്ധ്രയിൽ മാത്രം ബ്രിട്ടനിൽ നിന്നും എത്തിയ 11 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആന്ധ്രയിൽ 17 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
ഇതുവരെയായി 1363 പേരാണ് ബ്രിട്ടനിൽ നിന്നും രാജ്യത്ത് എത്തിയത്. ഇതിൽ 1346 പേരെയാണ് കണ്ടെത്താനായത്. 1324 പേർ ക്വാറന്റൈനിലാണെന്നും ആന്ധ്രാപ്രദേശ് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ 10 ദിവസത്തിനിടെ ബ്രിട്ടനിൽ നിന്നും രാജ്യത്ത് 233 പേരാണ് തിരികെ എത്തിയത്. 24 മണിക്കൂറിനിടെ തിരിച്ചെത്തി കൊവിഡ് സ്ഥിരീകരിച്ചവരിൽ ഗോവയിൽ നിന്നുള്ള 13 പേരും ഉൾപെടുന്നു. മഹാരാഷ്ട്രയിൽ നിന്നും ഒമ്പതും ഉത്തരാഖണ്ഡിൽ നിന്നും ആറ് പേരും ഇവരിൽ ഉൾപെടുന്നു.
നവംബർ 25 നും ഡിസംബർ 23 നും ഇടയ്ക്ക് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 33000 പേരാണ് ഇറങ്ങിയത്. ഇവരെ കണ്ടെത്താനും ആർടിപിസിആർ പരിശോധന നടത്താനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Content Highlights; new variant of covid 19 found in 6 UK returnees