തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ സ്വീകരിച്ച നിലപാട് ഇടതുമുന്നണിക്ക് ഗുണം ചെയ്തു; സി.പി.എം

CPIM State Committee Analysis Report About Local Body Election

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ സ്വീകരിച്ച നിലപാട് ഇടതുമുന്നണിക്ക് ഗുണം ചെയ്തുവെന്ന് സി.പി.എം വിലയിരുത്തല്‍. ക്രൈസ്തവ, മുസ്ലീം മേഖലയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞത് ഇതുകൊണ്ടാണെന്നും തദ്ദേശവോട്ടിന്റെ രാഷ്ട്രീയം പ്രതീക്ഷ നല്‍കുന്നതാണെന്നും സി.പി.എം സംസ്ഥാന സമിതി വിലയിരുത്തി. ബി.ജെ.പിക്ക് ആശങ്കപ്പെടുത്തുന്ന വളര്‍ച്ച കൈവരിക്കാനായിട്ടില്ലെന്നും എന്നാൽ  ചില സമുദായങ്ങളില്‍ ബി.ജെ.പി സ്വാധീനം വര്‍ധിക്കുന്നതായും സമിതി വിലയിരുത്തിയിട്ടുണ്ട്.

ഓരോ ജില്ലയില്‍ നിന്നുമുള്ള തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരുന്നു പരിശോധന. എം.വി ഗോവിന്ദന്‍ അധ്യക്ഷനായി ആരംഭിച്ച യോഗം ഞായറാഴ്ചയും തുടരും. ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നിങ്ങനെ ചിലയിടങ്ങളില്‍ പാര്‍ട്ടിയിലുള്ള പ്രാദേശികമായ പ്രശ്‌നങ്ങള്‍ സംസ്ഥാന നേതൃത്വം തന്നെ ഇടപെട്ട് പരിഹരിക്കണമെന്ന് സമിതി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. നായര്‍, ഈഴവ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് മാറുന്നത് പരിശോധിക്കണം. സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികള്‍ തന്നെയാണ് തെരഞ്ഞെടുപ്പ് വിജയത്തിന്റെ പ്രധാന ഘടകമെന്നാണ് സംസ്ഥാന സമിതിയും വിലയിരുത്തിയത്. ഇത്തരം പദ്ധതികള്‍ തുടരേണ്ടതുണ്ടെന്നും അഭിപ്രായമുയര്‍ന്നു.

യു.ഡി.എഫില്‍ നിന്ന് ക്രൈസ്തവവിഭാഗം അകല്‍ച്ച കാണിച്ചെന്നും യോഗത്തില്‍ വിലയിരുത്തല്‍ ഉണ്ടായി. മുസ്ലീം വര്‍ഗീയത പ്രശ്‌നമായി ഉയരുമ്പോള്‍ ഹിന്ദു വോട്ടുകള്‍ ബി.ജെ.പിക്ക് അനുകൂലമായി മാറുമോയെന്ന ആശങ്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്കുണ്ടായിരുന്നു. ഇത് ഇടതുപക്ഷത്തിന് അനുകൂലമായി മാറി. മുസ്ലീം ലീഗിന് മാത്രമാണ് യു.ഡി.എഫില്‍ നേട്ടമുണ്ടാക്കാനായത്. കൊല്ലം മണ്‍റോത്തുരുത്തിലെ ആര്‍ മണിലാലിന്റെയും കാഞ്ഞങ്ങാട് പഴയ കടപ്പുറം കല്ലൂരാവിയിലെ ഔഫ് അബ്ദുറഹിമാന്റെയും കൊലപാതകത്തില്‍ സംസ്ഥാന കമ്മിറ്റി അപലപിക്കുകയും ചെയ്തു.

content highlights: CPIM State Committee Analysis Report About Local Body Election