തമിഴ്‌നാട്ടിലെ തിയറ്റര്‍ തുറക്കല്‍: ഉത്തരവില്‍ കേന്ദ്ര ഇടപെടല്‍; അനിശ്ചിതത്വത്തിലായി ‘മാസ്റ്റേഴ്‌സും’, ‘ഈശ്വരനും’

ചെന്നൈ: കൊവിഡ് അണ്‍ലോക്ക് ഘട്ടത്തിന്റെ ഭാഗമായി രാജ്യത്ത് തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ തിയറ്റര്‍ തുറക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവില്‍ ഇടപെട്ട് കേന്ദ സര്‍ക്കാര്‍. പൊങ്കല്‍ ചിത്രങ്ങളുടെ റിലീസിന് മുമ്പായി തിയറ്ററുകളില്‍ 100 ശതമാനം ആളുകളെ കയറ്റാനുള്ള ഉത്തരവിലാണ് കേന്ദ്ര ഇടപെടല്‍. തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നിരവധി ആരോഗ്യ പ്രവര്‍ത്തകരടക്കം രംഗത്ത് വന്നിരുന്നു.

കൊവിഡ് വ്യാപനം പൂര്‍ണ്ണമായും ശമിക്കാത്തതിനാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് മാത്രമാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ തിയറ്റര്‍ തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും അമ്പത് ശതമാനം ആളുകള്‍ക്ക് മാത്രമാണ് തിയറ്ററില്‍ പ്രവേശനാനുമതി. ഇതിനിടെയാണ് പൊങ്കല്‍ റിലീസിന്റെ ഭാഗമായി തിയറ്ററില്‍ 100 ശതമാനം ആളുകലെ പ്രവേശിപ്പിക്കാമെന്ന ഉത്തരവ് തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തിറക്കുന്നത്. തിയറ്ററുകളില്‍ മുഴുവന്‍ ആളുകളെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയ് മുഖ്യമന്ത്രിയെ കണ്ടതായും അഭ്യൂഹങ്ങളുണ്ട്.

പൊങ്കല്‍ റിലീസിന്റെ ഭാഗമായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍, സിമ്പുവിന്റെ ഈശ്വരന്‍ തുടങ്ങിയ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങിയിരുന്നത്. എന്നാല്‍ കേന്ദ്ര ഇടപെടലോടെ ചിത്രങ്ങളുടെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 2005 ലെ ദുരന്ത നിവാരണ വകുപ്പ് അനുസരിച്ച് ജനുവരി 31 വരെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം.

അതേസമയം, കേരളത്തില്‍ 50 ശതമാനം കാണികളെ പ്രവേശിപ്പിച്ച് തിയറ്റര്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും നഷ്ടം ചൂണ്ടികാട്ടി നിലവില്‍ തിയറ്റര്‍ തുറക്കുന്നില്ലെന്ന തീരുമാനത്തിലാണ് ഫിലിം ചേമ്പര്‍.

Content Highlight: Theater opening in Tamil Nadu: Central intervention in the order; ‘Master’s’ and ‘God’ in uncertainty