സംസ്ഥാനത്തെ ട്രഷറി സോഫ്റ്റ്‌വെയറില്‍ പിഴവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ത്യയിലെ ഏറ്റവും മികച്ച ട്രഷറി സോഫ്റ്റ്‌വെയറാണ് കേരളത്തിലുള്ളതെന്നും തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. കിഫ്ബിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഭരണഘടന സ്ഥാപനമായ സിഎജി ചെയ്യാൻ പാടില്ലാത്ത ഇടപെടലാണ് കിഫ്ബിയുടെ കാര്യത്തിൽ നടത്തുന്നതെന്നും തോമസ് ഐസക് പറഞ്ഞു.
സോഫ്റ്റ്‌വെയർ പഴുതുപയോഗിച്ച് ട്രഷറി തട്ടിപ്പ് നടത്തിയിട്ടില്ല. കഴിഞ്ഞ വർഷമുണ്ടായ ക്രമക്കേടിൻ്റെ പശ്ചാത്തലത്തിൽ സുരക്ഷാ ഓഡിറ്റും ഫങ്ഷണൽ ഓഡിറ്റും ഇപ്പോൾ നടക്കുന്നുണ്ട്. ഇതുമൂലമുള്ള കാലതാമസം ഇപ്പോൾ വന്നിട്ടുണ്ട്. തുടക്കത്തിലുണ്ടായ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ ആവശ്യമായ നടപടികൾ വന്നിട്ടുണ്ട്. ട്രഷറി ക്രമക്കേടിന് ഈ സർക്കാർ വന്ന ശേഷം മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിൻ്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ട്രഷറിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കും. വഞ്ചിയൂർ ട്രഷറി തട്ടിപ്പിൽ നിലവിൽ വിജിലൻസ് അന്വേഷണം തീരുമാനിച്ചിട്ടില്ല. എന്നാൽ പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. ക്രമക്കേടിൽ വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ട്. മറ്റ് ക്രമക്കേടുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. മുൻ സർക്കാരിൻ്റെ കാലത്തെ അപേക്ഷിച്ച് കഴിഞ്ഞ 4 വർഷം കൊണ്ട് 16304 കോടിയുടെ മൂലധന ചെലവ് വർധന ഉണ്ടായിട്ടുണ്ടെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.
content highlights: nothing wrong in treasury software says, Minister Thomas Isaac