ദിവസവും രസം കുടിക്കുന്നത് പതിവാക്കിയാൽ കാറോണ വൈറസിനെ തുരത്താമെന്ന പ്രസ്താവനയുമായി തമിഴ്നാട് മന്ത്രി രാജേന്ദ്ര ബാലാജി. ചൊവ്വാഴ്ച നടന്ന ഒരു പരിപാടിയിലാണ് ബാലാജി വിചിത്രമായ അവകാശവാദവുമായി രംഗത്തെത്തിയത്. കൊവിഡ് 19 നെ പ്രതിരോധിക്കുന്നതിനായി ഫലപ്രദമായ നടപടികൾ സ്വീകരിച്ചതിന് തന്റെ സർക്കാരിനെ പ്രശംസിച്ച ബാലാജി കൊവിഡിനെ നേരിടാൻ തമിഴ്നാട്ടിലെ ജനങ്ങളുടെ ഭക്ഷണരീതി സഹായിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
“നിങ്ങളുടെ മെനുവിൽ രസവും സാമ്പാറും ഭാഗമാക്കുക. അര ഗ്ലാസോ ഒരു ഗ്ലാസോ രസം ദിവസവും കുടിക്കുക. കൊരോണ വൈറസ് ചത്ത് പോകും അല്ലെങ്കിൽ ഓടിപ്പോകും. ഞാൻ ദിവസവും രസം കുടിക്കും. എവിടെ പോയാലും രസം കുടിക്കുന്നത് മുടക്കില്ലെന്നും” രജേന്ദ്ര ബാലാജി പറഞ്ഞു. ഇതിന്റെ വീഡിയോയും ഇതിനോടകം വൈറലായിട്ടുണ്ട്. കൊവിഡ് വ്യാപനം തടയുന്നതിനായി മുഖ്യമന്ത്രി കടുത്ത നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ധേഹം വ്യക്തമാക്കി.
മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് മരണ നിരക്ക് കുറവായിരുന്നുവെന്നും നമ്മൾ കഴിക്കുന്ന ഭക്ഷണം അത്തരത്തിലുള്ളതാണെന്നും അദ്ധേഹം പറഞ്ഞു. മഞ്ഞൾ വെള്ളം ഉപയോഗിച്ച് നമ്മൾ കുളിക്കുന്നു, ഇഞ്ചിയും കുരുമുളകും പോലുള്ള സുഗന്ധവ്യജ്ഞനങ്ങൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപെടുത്തുന്നുവെന്നും ബാലാജി പറഞ്ഞു. ജനുവരി 16 മുതൽ ലോകത്തെ ഏറ്റവും വലിയ കൊവിഡ് വാക്സിനേഷൻ വിതരണം ആരംഭിക്കാൻ ഇന്ത്യ ഒരുങ്ങുന്ന സമയത്താണ് ഇത്തരത്തിലൊരു വിചിത്ര വാദവുമായി തമിഴ്നാട് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
Content Highlights; drink rasam daily, coronavirus will run away or die