കേന്ദ്ര സർക്കാരിൻ്റെ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാതെ കൊവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന് ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർ. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചതിന് പിന്നാലെയാണ് കർഷകർ ഈക്കാര്യം വ്യക്തമാക്കിയത്. വീടുകളിലേക്ക് മടങ്ങുകയില്ലെന്നും സമരം തുടരുമെന്നും കർഷകർ വ്യക്തമാക്കി. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്തുമെന്നും സംയുക്ത കിസാൻ മോർച്ച പ്രതിനിധികൾ അറിയിച്ചു. അതേസമയം ജനുവരി 26ലെ ട്രാക്ടർ റാലി സംബന്ധിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
വാക്സിൻ വിതരണത്തിൻ്റെ രണ്ടാം ഘട്ടത്തിൽ 50 വയസിന് മുകളിലുള്ളവർക്കാണ് വാക്സിൻ നൽകുക. പ്രതിഷേധിക്കുന്ന കർഷകരിലധികവും 50 വയസിന് മുകളിലുള്ളവരായതിനാൽ കർഷകരുടെ തീരുമാനം കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സംസ്ഥാനങ്ങളിലേക്ക് മടങ്ങുകയോ വാക്‌സിന്‍ സ്വീകരിക്കുകയോ ഇല്ലെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.
കൊവിഡ് മരണനിരക്ക് സംബന്ധിച്ച സർക്കാരിൻ്റെ അവകാശവാദങ്ങൾ വിശ്വസിക്കുന്നില്ലെന്നും കർഷകരിൽ ചിലർ പറയുന്നു. ആദ്യ ദിവസം മുതല്‍ ഇവിടെയുണ്ടെന്നും ശാരീരിക അകലം പാലിക്കുന്നത് അസാധ്യമായിട്ടും 100-200 ആളുകളുള്ള തങ്ങളുടെ കൂട്ടത്തില്‍ ആര്‍ക്കും കൊവിഡ് ബാധിച്ചില്ല. രോഗത്തെക്കാള്‍ മാരകമാണ് രോഗത്തെക്കുറിച്ചുള്ള ഭയം. സർക്കാരിൻ്റെ പുതിയ നിയമങ്ങൾ മൂലം സ്ഥലവും വീടുമൊക്കെ നഷ്ടപ്പെട്ട ശേഷം വാക്സിൻ കൊണ്ട് എന്ത് പ്രയോജനമെന്നും കർഷകനായ ബൽപ്രീത് സിങ് പ്രതികരിച്ചു.
content highlights: Protesting farmers say won’t take vaccine till farm laws are junked