കാർഷിക നിയമങ്ങൾ രണ്ട് വർഷം വരെ മരവിപ്പിക്കാമെന്ന് കേന്ദ്ര സർക്കാർ

92 days of farmers protest

കാർഷിക നിയമങ്ങൾ ഒന്നര വർഷം മുതൽ രണ്ട് വർഷം വരെ മരവിപ്പിക്കാമെന്ന് കർഷകർക്ക് വാഗ്ദാനം നൽകി കേന്ദ്ര സർക്കാർ. കൂടാതെ സംയുക്ത സമിതി രൂപവത്കരിച്ച് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. കർഷക സമരം തീർക്കുന്നതിനായി ബുധനാഴ്ച നടന്ന പത്താം വട്ട ചർച്ചയിലാണ് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം സംയുക്ത കിസാൻ മോർച്ച നേതാക്കൾക്ക് മുന്നിൽ ഈ നിർദേശം വെച്ചത്.

അഞ്ച് മണിക്കൂറിലേറെ നീണ്ട ചർച്ച പഴയപടി അനിശ്ചിതത്വത്തിലായപ്പോഴായിരുന്നു ഈ വാഗ്ദാനം. കൂടിയാലോചിച്ച ശേഷം തീരുമാനമറിയിക്കാമെന്ന് കർഷക നേതാക്കൾ പറഞ്ഞതനുസരിച്ച് വെള്ളിയാഴ്ച വീണ്ടും ചർച്ച നടത്താമെന്ന ധാരണയിൽ യോഗം പിരിഞ്ഞു. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ സമരക്കാർക്ക് വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും കൃഷിമന്ത്രി ആവർത്തിച്ചു.

ഖലിസ്താൻ ബന്ധവും മറ്റും ആരോപിച്ച് കർഷക നേതാക്കൾക്ക് എൻഐഎ നോട്ടീസയക്കുന്ന നടപടി പരിശോധിക്കാമെന്നും കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ട്. അതേസമയം സർക്കാരും കർഷക സംഘടനകളും ചർച്ച ചെയ്ത് സമരം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആർഎസ്എസ് ആവശ്യപെട്ടു.

Content Highlights; Farmers’ protest India