സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിൽ ഇന്ത്യ- ചെെന സേനകൾ തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. സിക്കിമിലെ നാകുലയിലാണ് മൂന്ന് ദിവസം മുമ്പ് പട്ടാളക്കാർ ഏറ്റുമുട്ടിയത്. അതിർത്തി രേഖ ലംഘിച്ചു കടന്നുകയറാൻ ശ്രമിച്ച ചെെനീസ് സേനാംഗങ്ങളെ ഇന്ത്യൻ സേന തടഞ്ഞതാണ് ഏറ്റുമുട്ടലിന് കാരണമായത്. സംഭവത്തിൽ 20 ചെെനീസ് സെെനികർക്ക് പരിക്കേറ്റു. നാല് ഇന്ത്യൻ സെെനികർക്കും പരിക്കേറ്റതായി കരസേന വൃത്തങ്ങൾ അറിയിച്ചു.
സംഭവത്തിന് പിന്നാലെ അതിർത്തിയിൽ സംഘർഷാവസ്ഥ കനത്തു. ഇന്ത്യ-ചെെന സേനകളിലെ ഉന്നക സേന കമാൻഡർമാർ തമ്മിൽ അതിർത്തിയിൽ നടന്ന ഒൻപതാം വട്ട ചർച്ചയ്ക്ക് മുമ്പായിരുന്നു സംഭവം. അതിർത്തിയിൽ ചെെനീസ് ഭാഗത്തുള്ള മോൾഡോയിൽ ഇന്നലെ നടന്ന ചർച്ച 16 മണിക്കൂർ നീണ്ടു. ചർച്ചയിലെ വിശദാംശങ്ങൾ ഇരു സേനകളും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മേയ് മാസത്തിലും സമാനമായ രീതിയിൽ ഇവിടെ സംഘർഷം നടന്നിരുന്നു.
content highlights: India, China troops clash at Naku La in Sikkim, injuries on both sides