സിഡ്നി ക്രിക്കറ്റ് മെെതാനത്ത് ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിനിടെ ഇന്ത്യൻ താരങ്ങൾ വംശീയാധിക്ഷേപത്തിന് ഇരയായതായി സ്ഥിരീകരിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണ സമിതി രാജ്യാന്തര ക്രിക്കറ്റ് കൌൺസിലിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത്. സിഡ്നി ടെസ്റ്റിൻ്റെ മൂന്നാം ദിനം മദ്യപിച്ച് ഗ്രൌണ്ടിലെത്തിയ ചില ഓസ്ട്രേലിയൻ ആരാധകർ ഇന്ത്യൻ താരങ്ങളായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുറക്കും നേരെയാണ് മോശം പരാമര്‍ശം നടത്തിയത്.
ഇക്കാര്യം ഉടൻ തന്നെ സിറാജ് അജിങ്ക്യ രഹാനെയെ അറിയിച്ചു. രഹാനെ ഈക്കാര്യം അമ്പയർമാരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇതോടെ ടീം മാച്ച് റഫറി ഡേവിഡ് ബൂണിനും ഐസിസിക്കും ഔദ്യോഗികമായി പരാതി നൽകി. ഇതിന് പിന്നാലെ നാലാം ദിനത്തിലും സിറാജിന് മോശം അനുഭവം ഉണ്ടായി. തുടർന്ന് ആറ് ഓസ്ട്രേലിയൻ ആരാധകരെ സിഡ്നി ക്രിക്കറ്റ് മെെതാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. സംഭവത്തിൽ ഐസിസി അന്വേഷണം ആരംഭിച്ചു.
സിസിടിവി ദൃശ്യങ്ങളും ടിക്കറ്റ് വിവരങ്ങളും അടക്കം പരിശോധിച്ചിട്ടുണ്ടെന്നും കുറ്റക്കാരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
content highlights: India players were subjected to racial abuse, confirms Cricket Australia