കൊക്കെയ്ൻ കൈവശം വച്ചതിന് ബിജെപി യുവ നേതാവ് പമേല ഗോസ്വാമി അറസ്റ്റിൽ

BJP leader Pamela Goswami held over ‘powder’

കൊക്കെയ്ൻ കൈവശം വെച്ചതിന് ബിജെപി യുവ നേതാവ് പമേല ഗോസ്വാമി അറസ്റ്റിൽ. നൂറ് ഗ്രാം കൊക്കയ്‌നാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. പഴ്‌സിലും കാറിന്റെ സീറ്റിനുമടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കയ്ൻ. പുലർച്ച ന്യൂ ആലിപ്പൂർ മേഖലയിൽ നിന്നാണ് ഇവർ പിടിയിലായത്. സുഹൃത്ത് പ്രൊബീർ കുമാർ ദേയും ഇവർക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്.

‘കുറച്ചു മുമ്പ് ലഹരി മാഫിയയിൽ ഇവർ ഉൾപ്പെട്ടിരുന്നു. ചിലർക്ക് ലഹരി എത്തിക്കാനായി പ്രൊബീറിനൊപ്പം ഇവർ എത്തി എന്ന് രഹസ്യവിവരം കിട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായതെന്ന്’ പൊലീസ് വ്യക്തമാക്കി. എന്നാൽ അതേസമയം പമേലയ്‌ക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുതിർന്ന ബിജെപി നേതാവ് ലോക്കറ്റ് ചാറ്റർജി പറഞ്ഞു. പൊലീസ് തങ്ങളുടെ നേതാക്കളെ ലഹരിക്കേസിൽ കുടുക്കുകയാണെന്നും, ബിജെപിയെ എങ്ങനെയെങ്കിലും തടഞ്ഞു നിർത്താമെന്ന ആലോചനയാണിതെന്നും ഇത് തങ്ങൾക്കെതിരായ ഗൂഢാലോചനയാണെന്നും ലോക്കറ്റ് ചാറ്റർജി കൂട്ടിച്ചേർത്തു.

2019ൽ ബിജെപിയിൽ ചേരുന്നതിന് മുമ്പ് മോഡലായിരുന്നു ഗോസ്വാമി. നിരവധി ബംഗാളി ടെലിവിഷൻ സീരിയലുകളിൽ വേഷമിട്ടിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷാണ് ഇവർക്ക് പാർട്ടിയിൽ അംഗത്വം നൽകിയത്. ഭാരതീയ യുവതാ ജനമോർച്ചയുടെ ബംഗാൾ ഘടകം ജനറൽ സെക്രട്ടറി കൂടിയാണ് ഇവർ.

Content Highlights; BJP leader Pamela Goswami held over ‘powder’