രാജ്യത്ത് ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക് ഉല്പന്നങ്ങള്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു. 120 മൈക്രോണില്‍ കുറഞ്ഞ കനമുള്ള പോളിത്തീന്‍ ബാഗുകളുടെ ഉപയോഗം സെപ്റ്റംബര്‍ 30 മുതല്‍ വിലക്കും. അടുത്തവര്‍ഷം ജനുവരി ഒന്ന്, ജൂലൈ ഒന്ന് എന്നിങ്ങനെ രണ്ടുഘട്ടങ്ങളായിട്ടാവും പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തുക. ഇവ പിന്നീട് നിര്‍മിക്കാനോ ഇറക്കുമതി ചെയ്യാനോ വില്‍ക്കാനോ ഉപയോഗിക്കാനോ പറ്റില്ല. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന എല്ലാത്തരം പ്ലാസ്റ്റിക്കുകളും ഇല്ലാതാക്കുകയാണ് ലക്ഷ്യം.
പ്ലാസ്റ്റിക് തണ്ടുള്ള ഇയര്‍ ബഡുകള്‍, ബലൂണുകള്‍, പ്ലാസ്റ്റിക് കൊടികള്‍, മിഠായി/ഐസ്ക്രീം തണ്ടുകള്‍, അലങ്കാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന തെര്‍മോകോളുകള്‍ തുടങ്ങിയവയാണ് 2022 ജനുവരി ഒന്നുമുതല്‍ നിരോധിക്കുന്നവ. 2022 ജൂലൈ ഒന്നുമുതല്‍ പ്ലാസ്റ്റിക് പ്ലേറ്റുകള്‍, കപ്പുകള്‍, കട്ലറി സാധനങ്ങള്‍ പൊതിയാനും പാക്കിങ്ങിനും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഫിലിമുകള്‍, ക്ഷണക്കത്തുകള്‍, സിഗരറ്റ് പാക്കറ്റുകള്‍, കനം 100 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്, പിവിസി ബാനറുകള്‍ എന്നിവക്കും വിലക്കേര്‍പ്പെടുത്തും.
പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 2016 മാര്‍ച്ച് 18ന് പ്രാബല്യത്തില്‍വന്ന ചട്ടം ഭേദഗതി ചെയ്യാനുള്ള കരട് പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. മെയ് 11 വരെ അതില്‍ അഭിപ്രായം അറിയിക്കാം. അവ പരിഗണിച്ചായിരിക്കും അന്തിമ വിജ്ഞാപനം.
content highlights: Centre moots single-use plastic ban next year