യുപിയിലെ ബിജെപി എംഎല്‍എമാര്‍ സ്വന്തം പാര്‍ട്ടിക്കെതിരെ നിയമസഭയില്‍ പ്രതിഷേധിക്കുന്നു

BJP MLA's protests

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നൂറോളം ബിജെപി എംഎല്‍എമാര്‍ രംഗത്ത്. സഭയില്‍ യോഗിയുടെ ധാര്‍ഷ്ട്യത്തിനെതിരെയാണ് ബിജെപി എംഎല്‍എമാര്‍ സമരം നടത്തിയത്. ലോനി എംഎല്‍എ നന്ദ് കിഷോര്‍ ഗുര്‍ജാറിനെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ധര്‍ണ നടന്നത്.

ഗുര്‍ജാറിനോട് പാര്‍ലമെന്ററി കാര്യമന്ത്രി സുരേഷ് ഖന്ന സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തനിക്കെതിരെയുളള കൈയേറ്റശ്രമക്കേസില്‍ വിശദീകരണം നല്‍കാനുളള ശ്രമത്തിലായിരുന്നു അദ്ദേഹം. ഇതോടെ ഗുര്‍ജാര്‍ സഭയ്ക്കുളളില്‍ കുത്തിയിരുന്നു. തുടര്‍ന്ന് ബിജെപി എംഎല്‍എമാര്‍ ഗുര്‍ജാറിനൊപ്പം ചേരുകയായിരുന്നു. പ്രതിപക്ഷനേതാവ് സമാജ്വാദി പാര്‍ട്ടി നേതാവുമായ രാം ഗോവിന്ദ് ചൗധരിയും എംഎല്‍എമാര്‍ക്കൊപ്പം ചേര്‍ന്നു.

ഒരു എംഎല്‍എയെ അപമാനിക്കുന്നത് എല്ലാവരെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് സ്പീക്കര്‍ ഹൃദയ് നാരായണ്‍ ദീക്ഷിത് പറഞ്ഞു. ഭരണകക്ഷി എംഎല്‍മാര്‍ക്ക് പോലും സംസാരിക്കാന്‍ അവസരം ലഭിക്കാത്തപക്ഷം മറ്റ് പാര്‍ട്ടിക്കാര്‍ക്ക് എങ്ങനെ ലഭിക്കുമെന്ന് മറ്റ് എംഎല്‍എമാര്‍ ചോദിച്ചു. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണാമെന്ന സ്പീക്കറുടെ വാക്കില്‍ പ്രതിഷേധം അവസാനിപ്പിച്ചു.

Content highlights: BJP MLAs in UP protest in assembly against own party