പൗരത്വ നിയമത്തിനെതിരെ സമരം നടത്തിയ ജാമിയ മിലിയ സർവകലാശാല വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്തത് 17 വയസുകാരനായ പ്ലസ് വൺ വിദ്യാർഥിയെന്ന് റിപ്പോർട്ട്. ഉത്തർപ്രദേശ് ജെവാറിലെ പ്ലസ് വൺ വിദ്യാർഥിയാണ് ഇയാൾ. സമൂഹമാധ്യമങ്ങൾ പതിവായി വർഗീയ പരാമർശങ്ങൾ നടത്തിയിരുന്ന വ്യക്തി കൂടിയാണ് ഇയാൾ.
സ്കൂളിലേക്ക് പോകുന്നുവെന്ന് അറിയിച്ച ശേഷം വിദ്യാർഥി ജാമിയ മിലിയ സർവകലാശാലയ്ക്ക് സമീപം എത്തുകയും സമരക്കാർക്കൊപ്പം ചേർന്ന് ലൈവ് സ്ട്രീമിങും നടത്തിയിരുന്നു. ഇതിന് ശേഷമാണ് ജാമിയ വിദ്യാർഥികളുടെ പ്രതിഷേധ പ്രകടനത്തിൽ നുഴഞ്ഞു കയറി ജാക്കറ്റിൽ ഒളിപ്പിച്ച തോക്ക് പുറത്തെടുക്കുകയായിരുന്നു. ഇതോടെ സമരക്കാർ പരിഭ്രാന്തരായി. തുടർന്ന് പോലീസ് നോക്കി നിൽക്കെയാണ് ഇയാൾ സമരക്കാർക്കു നേരെ വെടിയുതിർത്തു. മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർഥിയായ ഷബാബ് ഫാറുഖ് എന്ന വിദ്യാർഥിയുടെ കൈയിലാണ് വേടിയേറ്റത്.
ആര്‍ക്കാണ് സ്വാതന്ത്ര്യം വേണ്ടത്, ഞാന്‍ തരാം എന്ന് ആക്രോശിച്ചുകൊണ്ടാണ് ഇയാൾ വെടിയുതിർത്തത്. വിദ്യാർഥി ഡൽഹിയിലെയും ഷഹീൻബാഗിലെയും സമരങ്ങളെ എതിർക്കുകയും വർഗീയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. തൻ്റെ അവസാന യാത്രയിൽ കാവി പുതപ്പിച്ച് ജയ് ശ്രീറാം മുഴക്കണമെന്ന് 17വയസുകാരൻ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു.
വിദ്യാർഥി ദിവസങ്ങളായി മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ, അങ്ങനെയുള്ള പ്രശ്നങ്ങൾ വിദ്യാർഥിക്ക് ഉണ്ടായിരുന്നില്ലെന്ന് സഹപാഠികൾ വ്യക്തമാക്കി. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോർട്ട് തേടിയിട്ടുണ്ട്.
Content highlights: delhi’s jamia millia islamia university shooting incident