ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ട് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം 

budget session 2020 began with a speech by President Ram Nath Kovind

പാര്‍ലമെൻ്റിൻറെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പാര്‍ലമെൻ്റിൻറെ ഇരു സഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപനം നടത്തിയതോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുന്നത്. സര്‍ക്കാരിൻറെ കാലത്തുണ്ടായ  വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ത്തിയ വിഷയങ്ങള്‍ ഉൾപ്പെടുത്തിക്കൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗമായിരുന്നു രാഷ്ട്രപതിയുടേത്.

മഹാത്മാഗാന്ധിയുടെ സ്വപ്‌ന സാക്ഷാത്കാരമാണ് പൗരത്വ നിയമ ഭേദഗതിയിലൂടെ സാധ്യമാക്കിയിരിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞത് പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി. ഇന്ത്യയ്ക്ക് നിര്‍ണായക ദശാബ്ദമാണിതെന്നും നവഭാരത സൃഷ്ടിക്കായി എല്ലാ വിഭാഗങ്ങളുടെയും വളര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

കര്‍ത്താര്‍പൂര്‍ ഇടനാഴി തുറന്നത് ചരിത്രപരമായ സംഭവമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വികസന വഴിയിലാണ്. പിന്നാക്ക വിഭാഗങ്ങള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും. മുസ്ലീം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ മുത്തലാഖ് നിയമ ഭേദഗതി കൊണ്ടുവന്നതും അയോധ്യാവിധിയെ രാജ്യം സ്വീകരിച്ചതും കശ്മീരിൻറെ പ്രത്യേക പദവി റദ്ദാക്കിയതുമെല്ലാം രാഷ്‌ട്രപതി പറയുകയുണ്ടായി. 

ഭരണഘടനയാണ് രാജ്യത്തിൻറെ മാതൃകയെന്നും, ഇന്ത്യ മുന്നേറുന്ന കാലഘട്ടമാണിത്. അതിനാൽ രാജ്യം വളര്‍ച്ചയിലേക്ക് കുതിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീരിൻറെ വികസനം ജമ്മുവിനേയും ലഡാക്കിനേയും അടിമുടി മാറ്റി. വികസനത്തിൻറെ കാര്യത്തില്‍ രാജ്യത്ത് വിവേചനമില്ല. കശ്മീരില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കും അദ്ദേഹം ഉറപ്പു നൽകി. കൂടാതെ രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ ജനാധിപത്യത്തെ ദുര്‍ബലമാക്കുന്നുണ്ടെന്നും സംവാദങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. 

Content highlights: budget session 2020 began with a speech by President Ram Nath Kovind