കൈമാറിയെത്തുന്ന നോട്ടുകൾ അണുവിമുക്തമാക്കി നൽകുമെന്ന ഉറപ്പുമായി ചൈന സർക്കാർ

കൊറേണ വൈറസ് ബാധ ചൈനയിൽ മുഴുവൻ ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ കൈമാറിയെത്തുന്ന നോട്ടുകൾ അണു വിമുക്തമാക്കി നൽകുമെന്ന ഉറപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈന സർക്കാർ. കൊറോണ വൈറസ് കൂടുതലായി ബാധിച്ച നഗരങ്ങളിൽ പഴയ നോട്ടുകൾ കൈമാറുന്നതിനെ ചൈന സർക്കാർ വിലക്കിയിരുന്നു. വൈറസ് ബാധ ഉണ്ടാകാതിരിക്കുന്നതിനായി നോട്ടുകള്‍ അണു വിമുക്തമാക്കാനുള്ള കൂടുതല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് കേന്ദ്രബാങ്ക്.

കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലെ നോട്ടുകള്‍ വീണ്ടും വിതരണം ചെയ്യുന്നതിന് മുമ്പ് 14 ദിവസം കൊണ്ട് അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ചോ ചൂടാക്കുന്നതടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചോ അണുവിമുക്തമാക്കി നല്‍കുമെന്ന് ചൈനയിലെ പീപ്പിള്‍സ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ഫാന്‍ യിഫേ പറഞ്ഞു. പണമിടപാടുകാരോട് ആശുപത്രികളില്‍ നിന്നും മാര്‍ക്കറ്റുകളില്‍ നിന്നും ലഭിക്കുന്ന നോട്ടുകള്‍ വേര്‍തിരിച്ച് വെയ്ക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights; China is literally cleaning its money to stop the spread of corona virus