കാശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച ബ്രിട്ടീഷ് പാർലമെൻ്റ് അംഗത്തിന് ഇന്ത്യയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. പ്രതിപക്ഷ ലേബർ പാർട്ടി എംപിയായ ഡെബ്ബി അബ്രഹാംസിനാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇവരെ ഡൽഹി വിമാന താവളത്തിൽ നിന്നും തിരിച്ചയക്കുകയായിരുന്നു. ബന്ധുക്കളെ സന്ദർശിക്കുക എന്ന ലക്ഷ്യത്തൊടെയാണ് ബ്രിട്ടീഷ് എംപി ഡെബ്ബി അബ്രഹാംസ് തിങ്കളാഴ്ച ഡൽഹി വിമാന താവളത്തിൽ വന്നിറങ്ങിയതെന്നും, പക്ഷേ ഒരു ക്രിമിനലിനോടെന്ന പോലെ മോശം പെരുമാറ്റമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും മടങ്ങിയെത്തിയ ഡെബ്ബി വ്യക്തമാക്കി.
വിസ നിഷേധിക്കുന്നതായും, അടുത്ത വിമാനത്തിൽ ഉടൻ തിരിച്ച് പോകണമെന്ന് ദേഷ്യത്തോടെയാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്നും ഡെബ്ബി പറഞ്ഞു. എന്നാൽ ഇത് സ്വകാര്യ സന്ദർശനമാണെന്നും, കാശ്മീർ സന്ദർശിക്കുന്നതിന് വേണ്ടി അല്ലയെന്നും ഡെബ്ബി വ്യക്തമാക്കി. കശ്മീരിനുള്ള പ്രത്യേക അവകാശം എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ നടപടി തികഞ്ഞ മുസ്ലിം വിവേചനമാണെന്നാണ് ഡെബ്ബി നേരത്തെ കുറ്റപ്പെടുത്തിയിരുന്നത്. കശ്മീർ വിഷയത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തി യൂറോപ്യൻ പാർലമെൻ്റിൽ പ്രമേയം അവതരിപ്പിച്ചതും അടുത്തിടെയായിരുന്നു.
Content Highlights: British MP who leads the parliamentary group on Kashmir denied entry to India