ഡൽഹി കലാപത്തിൽ മരണപ്പെട്ടവരുടെ എണ്ണം 28 ആയി. 18 കേസുകളാണ് ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിരവധി പേരെയാണ് കാണാതായിട്ടുള്ളതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 150 ഓളം പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ ഇന്ന് ഒരാൾ കൂടി മരണപ്പെട്ടു. കാണാതായവരും കൊല്ലപ്പെട്ടെങ്കിൽ മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ട്. 106 പേരെ അറസ്റ്റ് ചെയ്തുവെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ഇതിനിടെ കലാപത്തിൽ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി.
ഡൽഹിയുലെ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ ആക്രമ സംഭവങ്ങളിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും, ദില്ലി കലാപത്തിലെ സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും സംഘർഷങ്ങൾ ഒഴിവാക്കി സംയമനം പാലിക്കണമെന്നും യുഎൻ സെക്രട്ടറി ജനറലിൻ്റെ വക്താവ് അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനായി ഇന്ത്യ ഗൗരവമായ ശ്രമങ്ങൾ നടത്തണമെന്ന് യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ അഭിപ്രായപ്പെട്ടു. ഡൽഹിയിൽ നടന്നു കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ തങ്ങൾക്ക് വളരെയധികം അസ്വസ്ഥത സൃഷ്ടിക്കുന്നതായും, ഉത്തരവാദിത്തമുള്ള സർക്കാരിൻ്റെ ചുമതലയെന്നത് പൗരന്മാർക്ക് സംരക്ഷണവും സുരക്ഷയും നൽകുക എന്നതാണെന്നും ആക്രമണത്തിലൂടെ ലക്ഷ്യമിടുന്ന മുസ്ലീങ്ങളെയും മറ്റുള്ളവരെയും സംരക്ഷിക്കുന്നതിനായി ഗൗരവമായ ശ്രമങ്ങൾ നടത്തുവാൻ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു.
Content Highlights: Delhi Violence, UN Chief Closely Following Situation In Delhi, Says Spokesperson