ഡൽഹിയിൽ മുസ്ലീങ്ങൾക്കെതിരെ നടന്ന വർഗ്ഗീയ കലാപത്തിന് അഹ്വാനം ചെയ്ത ബി.ജെ.പി നേതാക്കൾക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ലോക് ജനശക്തി നേതാവ് ചിരാഗ് പാസ്‌വാന്‍. 38 പേരുടെ മരണത്തിനും മൂന്നൂറ് പേർക്ക് പരുക്ക് പറ്റാനും ഇടയാക്കിയ ഡൽഹി കലാപത്തിന് പ്രേരിപ്പിച്ച കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, ലോക് സഭാ എംപി പർവേഷ് വർമ, ബി.ജെ.പി നേതാവ് കപിൽ മിശ്ര എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ അനുരാഗ് ഠാക്കൂറിൻ്റെ ‘ഗോലി മാരോ’ എന്ന പ്രസ്താവനയോട് കൂടിയാണ് ഡൽഹിയിൽ ആക്രമണം തുടങ്ങുന്നത്. അടുത്തിടെ കപിൽമിശ്ര പോലീസ് നോക്കി നിൽക്കെ സിഎഎ പ്രതിഷേധക്കാരെ ഭീഷണി മുഴക്കിയിരുന്നു. ആ സമയത്ത് തന്നെ പൊലീസ് അയാൾക്കെതിരെ കേസെടുത്തിരുന്നെങ്കിൽ കലാപം ഇങ്ങനെ വ്യാപിക്കുമായിരുന്നില്ലെന്നും പാസ്‌വാന്‍ പറഞ്ഞു. അമേരിക്കൻ പ്രസിഡൻ്റിൻ്റെ സന്ദർശ സമയത്തും ഡൽഹിയിൽ കലാപം തുടർന്നു എന്നുളളത് രാജ്യത്തിന് തന്നെ കളങ്കം സൃഷ്ടിക്കുന്ന കാര്യമാണെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും ചാരാഗ് പാസ്‌വാൻ്റെ പിതാവ് രാം വിലാസ് പാസ് വാൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഡല്‍ഹി കലാപം പൊലീസിൻ്റെ അറിവോടെയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. രാജ്യ തലസ്ഥാനത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്ന് ഡല്‍ഹി പൊലീസിന് നേരത്തെ തന്നെ സ്പെഷല്‍ ബ്രാഞ്ച്, ഇൻ്റലിജന്‍സ് മുന്നറിയിപ്പും നൽകിയിരുന്നു.
content highlights: “Strict Action Against BJP Leaders Guilty Of Hate Speech”: Chirag Paswan