ഗോമൂത്രം കുടിക്കുന്നതിൽ ഒരു ദോഷവുമില്ലെന്നും വർഷങ്ങളായി ആളുകൾ കുടിക്കുന്നവരാണെന്നും അവരൊക്കെ ആരോഗ്യവാന്മാരായി ഇരിക്കുന്നുവെന്നും പശ്ചിമ ബംഗാള്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്. ഗോമൂത്ര വിതരണം നടത്തിയതിന് ഒരു പരിപാടിയുടെ സംഘാടകനെതിരെ കേസെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു ദിലീപ് ഘോഷ്.
കൊറോണ വെെറസിൽ നിന്ന് മുക്തി നേടാൻ കൽക്കട്ടയിൽ ഗോമൂത്ര വിതരണ പാർട്ടി സംഘടിപ്പിച്ചിരുന്നു. ആ പരിപാടിയിൽ പ്രസാദമാണെന്ന് പറഞ്ഞ് തന്നെ നിർബന്ധിച്ച് ഗോമൂത്രം കുടിപ്പിച്ചെന്ന് കാണിച്ച് സംഘാടകർക്കെതിരെ മനുഷ്യാവകാശ പ്രവർത്തകൻ പരാതി കൊടുത്തു. തുടർന്ന് സംഘാടകനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. ഈ അവസരത്തിലാണ് താൻ ഗോമൂത്രം കുടിക്കുന്നതിനെ പിന്തുണക്കുന്നുവെന്നും കുടിക്കുന്നവരൊക്ക നല്ല ആരോഗ്യത്തോടെയാണ് ഇരിക്കുന്നതെന്നും ദിലീപ് ഘോഷ് പറഞ്ഞത്.
ഗോമൂത്രം കുടിക്കുന്നു എന്ന് പറയാന്‍ എനിക്കൊരു കുഴപ്പവുമില്ല, ഇനിയും ചെയ്യും. ഞാനൊരു അവസരവാദിയല്ല’. ദിലീപ് ഘോഷ് പറഞ്ഞു. എന്നാൽ ദിലീപ് ഘോഷിൻ്റെ വാദങ്ങൾ അശാസ്ത്രീയമാണെന്ന് സംസ്ഥാന മഹിളാ മോര്‍ച്ച അദ്ധ്യക്ഷയും എം.പിയുമായ ലോകേത് ചാറ്റര്‍ജി പറഞ്ഞു. ശാസ്ത്രം വലിയ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുമ്പോൾ അശാസ്ത്രീയമായ വിശ്വാസങ്ങളെ തള്ളിക്കളയണമെന്നും ഇത്തരം പ്രചാരണങ്ങൾ നടത്തി കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കരുതെന്നും ലോകേത് ചാറ്റര്‍ജി പറഞ്ഞു.
content highlights: Bengal BJP chief says no harm in drinking cow urine