400 ഓളം ആളുകളെ പങ്കെടുപ്പിച്ച് കുര്‍ബാന; വൈദികര്‍ക്കെതിരെ കേസ്

കാസര്‍ഗോഡ്: കൊറോണ നിര്‍ദ്ദേശം നിലനില്‍ക്കേ കാസര്‍ഗോഡ് പനത്തടി ദേവാലയത്തില്‍ കുര്‍ബാന അര്‍പ്പിച്ച വികാരിക്കും സഹ. വികാരിക്കും എതിരെ പൊലീസ് കേസെടുത്തു. രാജപുരം പനത്തടി സെന്റ് ജോസഫ് ദേവാലയത്തിലാണ് 400ഓളം ആളുകളെ പങ്കെടുപ്പിച്ച് ആഘോഷമായ കുര്‍ബാനയര്‍പ്പിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു കുര്‍ബാന.

സംസ്ഥാനത്ത് 28 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത സുരക്ഷകളാണ് സംസ്ഥാനത്ത് ഉടനീളം സ്വീകരിച്ചിരിക്കുന്നത്. 50 ആളുകളില്‍ കൂടുതല്‍ വിവാഹമോ, മറ്റ് ആഘോഷങ്ങളിലോ പങ്കെടുക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. ഇതിനിടയിലാണ് ദേവാലയത്തിലെ ആഘോഷമായ കുര്‍ബാന. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് റവന്യൂ- പൊലീസ് അധികൃതര്‍ കുര്‍ബാന നിര്‍ത്തി വെപ്പിച്ചു. വിശുദ്ധ ഔസേപ്പിതാവിന്റെ തിരുനാളാഘോഷത്തിനിടെയാണ് പൊലീസ് വൈദികരെ അറസ്റ്റ് ചെയ്തത്.

50 ആളുകളില്‍ കൂടുതല്‍ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തരുതെന്ന് പൊലീസ് വൈദികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മതമേലധ്യക്ഷന്മാരുടെയും വിലക്ക് മറികടന്നാണ് കുര്‍ബാന നടത്തിയത്. മലയോരത്തെ മറ്റ് ചില ആരാധനാലയങ്ങളിലും അമ്പതിലേറെ പേര്‍ പങ്കെടുക്കുന്ന ആരാധനകള്‍ നടക്കുന്നതായി ആക്ഷേപമുണ്ട്.

Content Highlight: Police charged case against priests in Kasargod