ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് സാമൂഹ വ്യാപന ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന് കേന്ദ്രം. നിലവിലെ സാഹചര്യത്തില്‍ സാമൂഹ വ്യാപനത്തിനുള്ള സാധ്യത കുറവാണെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു. രാജ്യത്തെ നിലവിലെ സാഹചര്യത്തെ സമൂഹ വ്യാപനമെന്ന് വിളിക്കാന്‍ കഴിയില്ല. ഇപ്പോഴും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യം ഇപ്പോഴും പ്രദേശിക വ്യാപന ഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ രാജ്യത്ത് സാമൂഹ വ്യാപനം നടന്നതായി സൂചനയില്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചത്. പല സംസ്ഥാനങ്ങളിലും സാമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടെന്ന സംശയം ഉയരുന്ന സാഹചര്യത്തിലാണ് സമൂഹ വ്യാപന സാധ്യതയില്ലെന്ന വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം രംഗത്ത് വന്നത്. പ്രധാനമായും നാല് ഘട്ടങ്ങളാണ് കൊറോണ വൈറസ് ബാധയ്ക്കുള്ളതെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
ഒന്നാം ഘട്ടത്തില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് മാത്രമേ രോഗം സ്ഥിരീകരിക്കൂ. രണ്ടാം ഘട്ടത്തില്‍ വൈറസ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലേക്ക് വ്യാപിക്കും. നിലവില്‍ രണ്ടാം ഘട്ടമാണ് ഇന്ത്യയില്‍ ഉള്ളത്. മൂന്നാം ഘട്ടമാണ് സമൂഹ വ്യാപനം എന്ന് പറയുന്നത്.
ഈ വൈറസ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ, രോഗ ബാധയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയോ ചെയ്യാത്ത ആളുകളിലേക്ക് പകരും. ഈ ഘട്ടത്തില്‍ എങ്ങിനെയാണ് വൈറസ് ബാധയുണ്ടായതെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. നാലാം ഘട്ടത്തില്‍ അനിയന്ത്രിതമാം വിധം രോഗികളുടെ എണ്ണം വര്‍ധിക്കും.
Content Highlight: Third Stage of Corona Virus may not happen