ബെയ്ജിങ്: ചൈനയില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷന്(എന്എച്ച്സി) കഴിഞ്ഞ ദിവസമാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. രോഗം സ്ഥിരീകരിച്ചവരില്‍ 205 പേര് വിദേശികളാണെന്നും ഏഴ് പേര് മരിച്ചെന്നും ഇരുപത്തിനാല് മണിക്കൂറിനിടെ 36 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് എന്നുമാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.
കൊവിഡ് 19 വൈറസിന്റെ വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് ചൈന ഇത്തരത്തിലൊരു കണക്ക് പുറത്തുവിടുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ ഇതിനോടകം എത്ര പേര്‍ക്ക് രോഗം നല്‍കിയിട്ടുണ്ടാകുമെന്ന് ഇപ്പോള്‍ വ്യക്തമല്ലെന്നും ഒരുപക്ഷേ വീണ്ടുമൊരു വൈറസ് വ്യാപനത്തിന് ഇവര്‍ കാരണമായേക്കാം എന്നുമാണ് എന്എച്ച്സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.
രോഗ ലക്ഷണങ്ങള്‍ ഇല്ലാതെ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് ചൈന പുറത്ത് വിട്ടതോടെ വൈറസിന്റെ രണ്ടാം വരവ് സംബന്ധിച്ച ആശങ്ക ലോകരാജ്യങ്ങള്‍ക്കിടയില്‍ ശക്തമായിരിക്കുകയാണ്. അതേസമയം ചൈന പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ക്ക് അപ്പുറത്താണ് യാഥാര്‍ത്ഥ്യമെന്ന സൂചനയും ചൈനയില്‍ നിന്ന് പുറത്ത് വരുന്നുണ്ട്. ഹോങ്കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ഫെബ്രുവരി 29 വരെ ചൈനയിലെ ഹുബൈ പ്രവിശ്യയില്‍ മാത്രം 43000 പേര്‍ക്കാണ് ലക്ഷണങ്ങള്‍ ഒന്നുമില്ലാതെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
അതേസമയം ഇവരെ ഔദ്യോഗിക കണക്കില്‍ ചേര്‍ത്തിട്ടില്ലെന്നുമാണ് വിവരം. അതേസമയം രോഗം സ്ഥിരീകരിച്ച 1541 പേരുടെ ആരോഗ്യ നില സംബന്ധിച്ച ഓരോ ദിവസത്തേയും വിവരം പുറത്തുവിടുമെന്നാണ് ചൈനീസ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
Content Highlights: China reports 1541 new cases of virus confirmation without any symptoms