വാഷിംഗ്ടണ്‍: കോവിഡ് പ്രതിസന്ധിയില്‍ രാജ്യം വലയുമ്പോള്‍ ഇന്ത്യയുമായി 155 മില്യണ്‍ ഡോളറിന്റെ ആയുധ കരാറിന് അമേരിക്ക അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. മിസൈലുകളും ഭാരം കുറഞ്ഞ ടോര്‍പിഡോകളുമാണ് ഇന്ത്യ അമേരിക്കയില്‍ നിന്നും വാങ്ങുന്നത്.
ഹാര്‍പൂണ്‍ 2 മിസൈലുകളും എംകെ 54 ടോര്‍പിഡോകളുമാണ് അമേരിക്ക ഇന്ത്യക്ക് വില്‍ക്കുന്നത്. 10 എജിഎം -84 എല്‍ ഹാര്‍പൂണ്‍ ബ്ലോക്ക് 2 മിസൈലുകള്‍ക്ക് 92 ദശലക്ഷം യുഎസ് ഡോളറാണ് വില പ്രതീക്ഷിക്കുന്നത്.
16 എംകെ 54 ലൈറ്റ്വെയ്റ്റ് ടോര്‍പിഡോകള്‍ക്കും മൂന്ന് എംകെ 54 എക്സര്‍സൈസ് ടോര്‍പ്പിഡോകള്‍ക്കും 63 ദശലക്ഷം ഡോളര്‍ ചിലവ് വരുമെന്ന് പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി അറിയിച്ചു. ഇന്ത്യന്‍ സര്‍ക്കാരിന്റെ അഭ്യര്ഥനയെത്തുടര്ന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അടുത്തിടെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് പെന്റഗണ്‍ അറിയിച്ചു.
സമുദ്ര പാതകളിലെ സുരക്ഷക്കായി ഹാര്‍പൂണ്‍ മിസൈല്‍ സംവിധാനം ഇന്ത്യന്‍ നേവിയുടെ കൂടി ഭാഗമായ പി -8 ഐ വിമാനത്തിന്റെ ഭാഗമാക്കാന്‍ കഴിയുമെന്ന് പെന്റഗണ്‍ പറയുന്നു. ഹാര്‍പൂണ്‍ മിസൈലുകള്‍ ബോയിംഗ് നിര്‍മിക്കുമെങ്കിലും ടോര്‍പിഡോകള്‍ റെയ്തോണാണ് വിതരണം ചെയ്യുക.
Content Highlight: America approves to the sale of missiles worth 155 USD to India