നൂറ്റി ഒന്‍പത് ദിവസം പിന്നിടുമ്പോള്‍ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച് നൂറ്റി ഒന്‍പത് ദിവസം പിന്നിടുമ്പോള്‍, രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 12 ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയായി. വൈറസ് വ്യാപനവും സമീപ ദിവസങ്ങളിലെ രോഗികളുടെ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടവും സര്‍ക്കാരിനേയും ആരോഗ്യ പ്രവര്‍ത്തകരേയും ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്തുടനീളം 4,713 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതുവരെയുള്ള ഒരു ദിവസത്തിലെ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും രണ്ടായിരത്തിലധികം കേസുകള്‍ (2,033 കൃത്യമായി) റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. തിങ്കളാഴ്ച വരെ ഇത് 38,908 ആയിരുന്നു, അതായത് 38.8% എന്ന നിരക്കില്‍. ഇതുവരെ വൈറസ് ബാധിച്ച് 3,103 പേര്‍ മരിച്ചു. ആഗോള തലത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48.90ലക്ഷമായി. കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 3,20125 ആയി. രോഗവിമുക്തരായവരുടെ എണ്ണം 19 ലക്ഷം കടന്നു. 26.63 ലക്ഷത്തോളം പേര്‍ ഇപ്പോഴും ചിക്തിസയിലാണ്. ഇതില്‍ 44,766 പേരുടെ നില അതീവ ഗുരുതരമാണ്. 26.18 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്. തിങ്കളാഴ്ച മാത്രം ലോകമാകമാനം 3445 പേരാണ് മരിച്ചത്. 88,858 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

യുഎസില്‍ 1003 പേരാണ് ഇന്നലെ മരിച്ചത്. 22,000 ത്തിലധികം പുതിയ രോഗികളുമായി യുഎസ്സിലെ രോഗികളുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. യുഎസ്സില്‍ 15.50 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണ സംഖ്യ- 91,981. യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യം റഷ്യയാണ്. റഷ്യയില്‍ 2.91 ലക്ഷം കേസുകളാണ് സ്ഥിരീകരിച്ചത്. എന്നാല്‍ യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം ഇന്നലെ രേഖപ്പെടുത്തിയത് ബ്രസീലിലാണ്. 735 പേര്‍. ബ്രസീലില്‍ കഴിഞ്ഞ ദിവസം 14,000ത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യുകെയില്‍ 160 പേരാണ് ഇന്നലെ മരിച്ചത്. ഫ്രാന്‍സിലും ഇന്ത്യയിലും 131 വീതം മരണങ്ങള്‍ കഴിഞ്ഞ ദിവസമുണ്ടായി.

Content Highlight: Covid cases in India exceeds one lakh