ഇന്ത്യ –ചൈന അതിർത്തി പ്രശ്നത്തിൽ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ഡോണാൾഡ് ട്രംപ്

Donald Trump offers to mediate ‘raging’ India-China border dispute

ഇന്ത്യ–ചൈന അതിർത്തി തർക്കത്തിൽ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇക്കാര്യം ഇന്ത്യയേയും ചൈനയേയും അറിയിച്ചുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എന്നാൽ ട്രംപിൻ്റെ വാക്കുകൾക്ക് ഇന്ത്യ ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ല. നേരത്തെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കശ്മീര്‍ വിഷയത്തിലും ഇടപെടാന്‍ തയ്യാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ ട്രംപിൻ്റെ വാഗ്ദാനം ഇന്ത്യ നിരസിച്ചിരുന്നു

ലഡാക്കിലെ ഇന്ത്യാ- ചൈന നിയന്ത്രണ രേഖ സംബന്ധിച്ച തര്‍ക്കങ്ങളാണ് ഇപ്പോൾ രൂക്ഷമായത്. തുടര്‍ന്ന് ഗുല്‍ദോങ് സെക്ടറിന് സമീപം ചൈന സൈനിക സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യ അധികമായി സേനയെ വിന്യസിച്ചിരുന്നു. മെയ് ആദ്യവാരം മുതല്‍ സിക്കിം അതിര്‍ത്തിയ്ക്ക് സമീപം ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇന്ത്യൻ സൈന്യത്തിൻ്റെ പട്രോളിങ് ചൈനീസ് സൈനികർ തടസ്സപ്പെടുത്തിയതാണ് പ്രശ്നത്തിനു കാരണമായത്. എന്നാൽ തങ്ങളുടെ സൈന്യത്തിൻ്റെ പട്രോളിങ് ഇന്ത്യന്‍ സൈന്യം തടസപ്പെടുത്തിയതായി ചൈനയുടെ ആഭ്യന്തരമന്ത്രാലയം ആരോപണം ഉന്നയിച്ചിരുന്നു.

ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പ്രകോപനം കാരണമാണ് തങ്ങള്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതെന്ന് ചൈന പറഞ്ഞു. അതിർത്തിയിൽ യുദ്ധസജ്ജമായിരിക്കാനും പരിശീലനം ഊർജിതമാക്കാനും സേനയ്ക്കു ചൈനീസ് പ്രസിഡൻ്റ് ഷീ ചിൻപിങ് നിർദേശം നൽകിയിരുന്നു. സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ സൈനികമായി ഒരുങ്ങിയിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിർദേശം നൽകിയിട്ടുണ്ട്

content highlights: Donald Trump offers to mediate ‘raging’ India-China border dispute