ന്യൂഡല്‍ഹി: വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച വന്ദേ ഭാരതിന്റെ മൂന്നാം ഘട്ടം ഇന്ന് ആരംഭിക്കും. നാല്പത്തി മൂന്ന് രാജ്യങ്ങളിലായി 386 സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. കേരളത്തിലേക്ക് 76 സര്‍വീസുകള്‍ ഉണ്ടാകും. സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ കൂടുതല്‍ പ്രവാസികള്‍ സംസ്ഥാനത്തേക്ക് എത്തി തുടങ്ങും.
വന്ദേഭാരത് മിഷന്റെ ഭാഗമായി എഴുപതിനായിരത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതായി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുന്ന മൂന്നാം ഘട്ടത്തിന്റെ അവസാനത്തോടെ നാട്ടിലേക്കെത്താന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 45 ശതമാനത്തോളം ആളുകളെ മാത്രമേ തിരിച്ചെത്തിക്കാനാവൂ. സ്വകാര്യ വിമാനങ്ങളെ ദൗത്യത്തിന്റെ ഭാഗമാക്കാത്തതും, ചാര്‍ട്ടേഡ് വിമാനങ്ങളിലെ ഉയര്‍ന്ന നിരക്കും കൂടുതല്‍ പേരെ എത്തിക്കുന്നതിന് തിരിച്ചടിയാകുന്നുണ്ട്.
വിദേശത്ത് നിന്ന് കൂടുതല്‍ ആളുകള്‍ എത്തിത്തുടങ്ങിയതോടെ കേരളത്തിലടക്കം രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇനിയും ആളുകള്‍ എത്തിയാല്‍ രോഗികള്‍ കൂടാനുള്ള സാധ്യത കണക്കിലെടുത്ത് നിരീക്ഷണമടക്കം ശക്തമാക്കിയിട്ടുണ്ട്. കര്‍ശന പരിശോധനകള്‍ക്ക് ശേഷമായിരിക്കും പ്രവാസികള്‍ക്ക് ക്വാറന്റൈന് അനുവദിക്കുക. കൂടാതെ, രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് പ്രത്യേക ക്വാറന്റൈന് സൗകര്യവും ഒരുക്കും.
Content Highlight: Vande Bharat third phases start from today