ഇന്ത്യയേക്കാൾ ആണവായുധങ്ങൾ പാക്കിസ്താൻ്റെയും ചെെനയുടേയും പക്കലുണ്ടെന്ന് സ്റ്റോക്ഹോം ഇൻ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്.ഐ.പി.ആര്‍.ഐ) റിപ്പോർട്ട്. ചെെനയുടെ പക്കൽ നിലവിൽ 320 ആണവായുധങ്ങളും പാക്കിസ്താനിൽ 160 ഉം ഇന്ത്യയിൽ 150 ആണവായുധങ്ങളുമാണ് ഉള്ളത്. ജനുവരി മാസം വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. 2019ൽ 290 ആണവായുധങ്ങളാണ് ചെെനയുടെ പക്കൽ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് 320 ആയി ഉയർന്നു. അന്ന് ഇന്ത്യക്ക് ഉണ്ടായിരുന്നത് 120-130 ആണവായുധങ്ങളാണ്.
ഇന്ത്യയും ചെെനയും തമ്മിൽ ലഡാക്ക് അതിർത്തിയിൽ സെെനിക തർക്കം നിലനിൽക്കെയാണ് റിപ്പോർട്ട് പുറത്തുവരുന്നത്. ചെെന സെെനിക ശക്തിയിൽ വളരെയേറെ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നും സൈനിക ശക്തിയിലെ പ്രധാന ഘടകമായ ന്യൂക്ലിയര്‍ ട്രയാഡ് ആദ്യമായി ചൈന സ്വന്തമാക്കി എന്നുമാണ് എസ്.ഐ.പി.ആര്‍.ഐ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്. ന്യൂക്ലിയർ മിസെെലുകൾ, മിസെെൽ സായുധ അന്തർവാഹിനി, ന്യൂക്ലിയർ ബോംബുകളും മിസെെലുകളും ഉള്ള വിമാനങ്ങൾ എന്നിവ ഉൾപ്പടെയുള്ള ത്രിമുഖ സെെനിക ശക്തി ഘടനയാണ് ന്യുക്ലിയർ ട്രയാഡ്. 6375 ആണ് റഷ്യയുടെ ആണവായുധ ശേഖരണം. 5,800 ആണ് അമേരിക്കയുടെ ശേഖരം. ആഗോള ആണവ ശേഖരത്തിൻ്റെ 90 ശതമാനവും കൈവശം വച്ചിരിക്കുന്നത് അമേരിക്കയും റഷ്യയും ആണ്.
content highlights: China, Pak possess more nuclear weapons than India: Defence think-tank SIPRI