5 റഫാല്‍ ജെറ്റുകള്‍ ഇന്ത്യയിലെത്തി; അകമ്പടിയായി സുഖോയ്-30 വിമാനങ്ങള്‍

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നും ഇന്ത്യ വാങ്ങിയ റഫാല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി. അംബാലയിലെ വ്യോമതാവളത്തിലാണ് അഞ്ച് വിമാനങ്ങളും ലാന്‍ഡ് ചെയ്തത്. ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ എത്തിയ വിമാനങ്ങള്‍ സുഖോയ്-30 വിമാനങ്ങളുടെ അകമ്പടിയോടെയാണ് അംബാലയിലേക്കെത്തിയത്.

ഫ്രാന്‍സില്‍ നിന്നും ഇന്ത്യ വാങ്ങുന്ന 36 വിമാനങ്ങളിലെ ആദ്യ ബാച്ചില്‍ അഞ്ച് വിമാനങ്ങളാണുള്ളത്. രണ്ട് ദിവസത്തെ യാത്രയ്‌ക്കൊടുവിലാണ് യുദ്ധവിമാനങ്ങള്‍ രാജ്യത്തെത്തിച്ചേര്‍ന്നത്. നേരത്തെ സുഖോയ്-30 വിമാനങ്ങള്‍ റഫാലിന് അകമ്പടിയൊരുതക്കിയതിന്റെ ദൃശ്യങ്ങള്‍ പ്രതിരോധ മന്ത്രിപുറത്തുവിട്ടിരുന്നു.

ഹരിയാനയിലെ അംബാല വ്യോമതാവളത്തിലേക്കാണ് അഞ്ച് റഫാല്‍ വിമാനങ്ങളുമെത്തിയിരിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തില്‍ നിര്‍ണായകമാകുമെന്ന് കരുതപ്പെടുന്ന യുദ്ധ വിമാനങ്ങളാണ് റഫാലുകള്‍. നേരത്തെ ഇന്ത്യന്‍ ആകാശത്തു പ്രവേശിച്ച വിമാനങ്ങള്‍ക്ക് അറബിക്കടലില്‍ നിലയുറപ്പിച്ച നാവികസേനാ കപ്പലായ ഐഎന്‍എസ് കൊല്‍ക്കത്തയും വരവേല്‍പ്പ് നല്‍കിയിരുന്നു.

Content Highlight: Rafale Jets reached Hariyana air space escorted by Sukhoy-30