സോഷ്യൽ മീഡിയാ ആപ്പായ ടിക്ക് ടോക്ക് മൈക്രോസേഫ്റ്റിനോ മറ്റേതെങ്കിലും യുഎസ് കമ്പനിക്കോ കൈമാറുമ്പോൾ പ്രതിഫല തുകയുടെ ഒരു ഭാഗം യുഎസ് ട്രഷറിയിലേക്ക് നൽകണമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. സെപ്റ്റംബർ 15 നുള്ളിൽ മൈക്രോസോഫ്റ്റിനോ മറ്റേതെങ്കിലും അമേരിക്കൻ കമ്പനിക്കൊ ടിക്ക് ടോക്ക് വിൽക്കുന്നില്ലങ്കിൽ ആപ്പിൻ്റെ പ്രവർത്തനങ്ങൾ രാജ്യത്ത് മരവിപ്പിക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ടിക്ക് ടോക്കിൻ്റെ പ്രവർത്തനങ്ങൾക്കനുസരിച്ചുള്ള തുക തങ്ങൾക്ക് ലഭിക്കണമെന്നും , അമേരിക്കയില്ലെങ്കിൽ ആപ്പിന് നിലനിൽപ്പില്ലെന്നും ട്രംപ് വ്യക്തമാക്കി. അതുകൊണ്ടു തന്നെ പ്രതിഫല തുക നൽകാൻ അമേരിക്കൻ കമ്പനി ബാധ്യസ്ഥമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. രാജ്യ സുരക്ഷയെ മുൻനിർത്തി യുഎസിൽ ടിക്ക് ടോക്ക് നിരോധിക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് വെള്ളിയാഴ്ച ട്രംപ് പറഞ്ഞിരുന്നത്.
ടിക്ക് ടോക്ക് വാങ്ങുന്നതിൽ മൈക്രോസോഫ്റ്റിന് അനുമതി നൽകുന്ന കാര്യത്തെ കുറിച്ച് വ്യക്തതയില്ലെന്ന് ട്രംപിൻ്റെ മുതിർന്ന സാമ്പത്തികോദ്യോഗസ്ഥൻ സൂചിപ്പിച്ചിരുന്നു. എന്നാൽ വിൽപ്പന സംബന്ധിച്ച് മൈക്രോസോഫ്റ്റുമായി ചർച്ച നടത്താൻ ബൈറ്റ് ഡാൻസിന് ട്രംപ് ചൊവ്വാഴ്ച അനുമതി നൽകിയിട്ടുണ്ട്. 80 ദശ ലക്ഷത്തിലധികം ആളുകളാണ് അമേരിക്കയിൽ ടിക്ക് ടോക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യയിൽ നിരോധനം തുടരുന്നതിനിടയിൽ അമേരിക്കയും കൂടി കൈവിട്ടാൽ വലിയൊരു തിരിച്ചടിയായിരിക്കും ടിക്ക് ടോക്കിന് നേരിടേണ്ടി വരുന്നത്.
അതേസമയം നിരോധനം മറികടക്കാൻ അമേരിക്കൻ കമ്പനിക്ക് ഉടമസ്ഥാവകാശം വിൽക്കുന്നതിൽ ബൈറ്റ് ഡാൻസിനെതിരെ വൻ പ്രതിഷേധമാണ് ചൈനയിൽ ഉയരുന്നത്.
Content Highlights; Trump says U.S. treasury should collect ‘very substantial’ portion of TikTok sale to American firm