ഇന്ത്യയിലെ പ്രധാന നഗരത്തില്‍ സ്‌ഫോടനം നടത്താന്‍ ഐഎസ് നിര്‍ദ്ദേശിച്ചതായി പിടിയിലായ ഭീകരന്‍

ന്യൂഡല്‍ഹി: ചോദ്യം ചെയ്യലില്‍ ഇന്ത്യയിലെ പ്രധാന നഗരത്തില്‍ സ്‌ഫോടനം നടത്താന്‍ ഐഎസ് നിര്‍ദ്ദേശമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി ഇന്നലെ പിടിയിലായ ഭീകരന്‍ അബു യൂസഫ്. അബുവിന് സ്‌ഫോടക വസ്തുക്കളെത്തിച്ച് നല്‍കിയ മൂന്നു പേരെയും ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലാണ് ഉത്തര്‍ പ്രദേശ് സ്വദേശി അബു എന്ന അബ്ദുള്‍ യൂസഫിനെ ഇന്നലെ കസ്റ്റഡിയിലെടുത്തത്.

പ്രഷര്‍ കുക്കറില്‍ സ്‌ഫോടക വസ്തു നിറച്ച നിലയിലാണ് ഇയാളെ ഇന്നലെ പിടികൂടിയത്. ജനത്തിരക്കുള്ള മേഖലയില്‍ സ്‌ഫോടനം നടത്താനായിരുന്നു ഉദ്ദേശമെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഓഗസ്റ്റ് 15നും ആക്രമണം നടത്താനുള്ള പദ്ധതി ഇയാള്‍ക്കുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.

അതേസമയം, മകന്‍ ചെയ്തത് തെറ്റാണെന്നും പ്രവര്‍ത്തികളില്‍ ഖേദമുണ്ടെന്നും അബുവിന്റെ പിതാവ് പ്രതികരിച്ചു. ഐഎസ് ബന്ധം അറിഞ്ഞപ്പോള്‍ മുതല്‍ പിന്മാറാന്‍ ആവശ്യപ്പെട്ടിരുന്നതായും പിതാവ് പറഞ്ഞു. കുടുംബവുമായി അഫ്ഗാനിലോ, സിറിയയിലോ എത്തി ഐഎസില്‍ ചേരാനും ഉദ്ദേശിച്ചിരുന്നതായി അബു യൂസഫ് വെളിപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം മുതല്‍ ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Content Highlight: IS instructed terror attack in India