5 ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയ സംഭവം: ചൈനയ്ക്ക് അടിയന്തിര സന്ദേശമയച്ചതായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: അരുണാചലില്‍ നിന്ന് അഞ്ച് ഇന്ത്യക്കാരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ചൈനയ്ക്ക് അടിയന്തിര സന്ദേശം നല്‍കിയതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു. അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി മേഖലയിലുള്ള ചൈനീസ് സൈനിക ആസ്ഥാനത്തേക്കാണ് സന്ദേശം അയച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചൈനയില്‍ നിന്ന് മറുപടി ലഭിക്കാന്‍ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു.

അരുണാചലിലെ സുബാന്‍സിരി ജില്ലയില്‍ വനത്തില്‍ വേട്ടക്ക് പോയ അഞ്ച് യുവാക്കളെയാണ് ചൈനീസ് സൈന്യം തട്ടിക്കൊണ്ട് പോയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നത്. ഇവരുടെ കൂടെ നിന്ന് രക്ഷപ്പെട്ട മറ്റ് രണ്ടു പേരാണ് വിവരം പൊലീസില്‍ അറിയിച്ചത്. വിഷയം ഇന്ത്യന്‍ സൈന്യവുമായി സംസാരിച്ചിരുന്നെങ്കിലും ഇവരുടെ പ്രതികരണം ലഭിച്ചിരുന്നില്ല. ഇതിന് മുമ്പും സമാന സംഭവം നടന്നിട്ടുള്ളതായി പസിഗട്ട് വെസ്റ്റ് എംഎല്‍എ നിനോങ് എറിങ് പ്രതികരിച്ചിരുന്നു.

ഇന്ത്യ-ചൈന്യ അതിര്‍ത്തി പ്രശ്‌നം തുടരുന്നതിനിടെ ഇത്തരമൊരു സംഭവം നടന്നതില്‍ രാജ്യത്തിനാകെ ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും, ചൈനീസ് പ്രതിരോധ മന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഏറ്റുമുട്ട‌ലിന് ശേഷം മന്ത്രിതലത്തില്‍ നടക്കുന്ന ആദ്യ കൂടിക്കാഴ്ച്ചയായിരുന്നു ഇത്.

എന്നാല്‍, യുദ്ധമാരംഭിച്ചാല്‍ ഇന്ത്യ വിജയിക്കില്ലെന്ന പ്രകോപന പരാമര്‍ശമാണ് ചൈനയുടെ ഭാഗത്ത് നിന്ന് ഇന്നലെയുണ്ടായത്. ചൈനീസ് സര്‍ക്കാരിന്റെ കീഴിലുള്ള ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയലിലാണ് ഇന്ത്യക്കെതിരെ ചൈന പ്രകോപന പരാമര്‍ശം നടത്തിയത്. ഇന്ത്യയും ചൈന്യയും വന്‍ ശക്തികളാണെങ്കിലും ഒരു യുദ്ധമുണ്ടായാല്‍ ഇന്ത്യക്ക് വിജയിക്കാന്‍ സാധിക്കില്ലെന്നാണ് ചൈനയുടെ അവകാശ വാദം.

Content Highlight: The Indian Army has already sent hotline message to China on abduction of Arunachal Pradesh locals