റിയാദ്: ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തി വെച്ച് സൗദി അറേബ്യ. ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളുടെ വര്‍ദ്ധനവ് കണക്കിലെടുത്താണ് സൗദിയുടെ തീരുമാനം. ജനറല്‍ അതോരിറ്റി ഓഫ് സിവിക് ഏവിയേഷന്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കി.
സൗദിയുടെ ഉത്തരവ് ഏറ്റവുമധികം ബാധിക്കുക, ഇന്ത്യയുടെ വന്ദേ ഭാരത് മിഷനെയാണ്. നിരവധി പ്രവാസികള്‍ വിസാ കാലാവധി കഴിയുന്നതിന് മുമ്പേ സൗദിയിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് സൗദിയുടെ പുതിയ തീരുമാനം.
സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധികള്‍ക്ക് യാത്രാവിലക്കില്ല. ഇന്ത്യയ്ക്ക് പുറമേ ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങള്‍ക്കും സൗദി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ രണ്ട് തവണയും കൊവിഡ് രോഗികളെ കൊണ്ടു വന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച്ച ഇന്ത്യയില്‍ നിന്നുള്ള സര്‍വീസ് താല്‍കാലികമായി നിര്‍ത്തി വെക്കുന്നതായി സൗദി ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ റദ്ദാക്കാനുള്ള തീരുമാനത്തിലേക്ക് രാജ്യം കടക്കുന്നത്.
Content Highlight: Saudi Arabia suspends travel to and from India








