ഐഎസിൽ ചേർന്ന് ഇന്ത്യയുടെ സുഹൃത്ത് രാജ്യങ്ങളോട് യുദ്ധം ചെയ്ത കേസ്; സുബഹാനി ഹാജ മൊയ്തീൻ കുറ്റക്കാരനെന്ന് കോടതി

Subahani Haja Moideen verdict IS case NIA

ഭീകര സംഘടനയായ ഐഎസിനൊപ്പം ചേർന്ന് ഇന്ത്യയുടെ സുഹൃത്ത് രാഷ്ട്രങ്ങളോട് യുദ്ധം ചെയ്തെന്ന കേസിൽ മലയാളിയായ സുബഹാനി ഹാജ മൊയ്തീൻ കുറ്റക്കാരനാണെന്ന് കോടതി. കൊച്ചിയിലെ എൻഐഎ കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ ഇന്ന് തന്നെ പ്രഖ്യാപിക്കും. ജഡ്ജി പി.കൃഷ്ണകുമാറാണ് കേസിൽ ശിക്ഷ വിധിക്കുക.

ഐപിസി 125 പ്രകാരം ഇന്ത്യയുമായി സൌഹൃദമുള്ള രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്തുവെന്നുള്ള കുറ്റം ചുമത്തിയാണ് തൊടുപുഴ സ്വദേശിയായ സുബഹാനി ഹാജ മൊയ്തീനെ അറസ്റ്റ് ചെയ്യുന്നത്. 2015ൽ ഇയാൾ ജിദ്ദയിലേക്കും പിന്നീട് അവിടെ നിന്ന് തുർക്കിയിലേക്കും പിന്നീട് ഇറാഖിലേത്തി ഐഎസിനുവേണ്ടി ഭീകര സംഘടനയിൽ ചേരുകയും ഏഷ്യൻ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്യുകയും ചെയ്തിരുന്നു. ഇയാളുടെ സംഘത്തിലുള്ള ആളുകൾ കൊല്ലപ്പെട്ടതിന് ശേഷം ഐഎസ് സംഘത്തിൽ നിന്ന് പിൻവലിയുകയും വിദേശത്തുവെച്ച് എൻഐഎ അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിക്കുകയുമായിരുന്നു.

കണ്ണൂർ കനകമലയിൽ 2016ൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഗൂഢാലോചന നടത്തിയ കേസിലെ പ്രതികൾക്കൊപ്പമാണ് എൻഐഎ ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത്. കേസിൽ സുബഹാനി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇന്ത്യയുമായി സൌഹൃദമുള്ള ഏഷ്യൻ രാജ്യങ്ങൾക്കെതിരെ വിദേശ യുദ്ധം ചെയ്തുവെന്ന കുറ്റത്തിന് എൻഐഎ സംസ്ഥാനത്ത് റജിസ്റ്റർ ചെയ്യുന്ന ആദ്യ കേസാണിത്. ഐപിസി 125, 12ബി( ഗൂഢാലോചന), യുഎപിഎയിലെ 20,38, 39 വകുപ്പുകളാണ് സുബാഹാനിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

content highlights: Subahani Haja Moideen verdict IS case NIA