ഉത്തർപ്രദേശിൽ കൂട്ടബലാൽസംഗത്തിനിരയായ ദളിത് പെൺകുട്ടി മരിച്ചു. ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിൽ ആയിരുന്ന പെൺകുട്ടിയെ ഇന്നലെയാണ് വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റിയിരുന്നത്. ഈ മാസം 14ലാണ് ഉത്തർപ്രദേശിലെ ഹത്റാസിൽ നാലു പേർ ചേർന്ന് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുന്നത്. ശരീരത്തിന് വിവിധ ഭാഗങ്ങളിലായി നിരവധി മുറിവുകളും നാക്ക് മുറിച്ചെടുത്ത നിലയിലുമായിരുന്നു പെൺകുട്ടിയെന്ന് ചികിത്സിച്ച ഡോക്ടർന്മാർ പറയുന്നു.
നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്ദീപ്, രാമു, ലവകുശ്, രവി എന്നീ പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് എസ്.പി വിക്രാന്ത് വീര്‍ അറിയിച്ചു. പ്രതികൾക്കെതിരെ ബലാത്സംഗത്തിനും വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്.
മൃഗങ്ങൾക്കുള്ള തീറ്റ ശേഖരിക്കാൻ പോയപ്പോഴാണ് പെൺകുട്ടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. കേസിൽ പൊലീസ് ഇടപെടാൻ വെെകിയെന്നാണ് കുടുംബത്തിൻ്റെ ആരോപണം. എന്നാൽ പൊലീസ് ഇത് നിഷേധിച്ചു. ആദ്യം ഒരാളെ അറസ്റ്റ് ചെയ്തുവെന്നും അയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബാക്കിയുള്ളവരേയും ഉടൻ തന്നെ അറസ്റ്റ് ചെയ്തെന്നും പൊലീസ് അറിയിച്ചു.
content highlights: Woman, Gang-Raped In UP’s Hathras 2 Weeks Ago, Dies In Delhi Hospital