ഏറ്റവും മോശം പ്രകടനം കാഴ്ച വെക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അഭിജിത്ത് ബാനർജി

India among worst performing economies in world: Abhijit Banerjee

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നോബേൽ പുരസ്കാര ജേതാവ് അഭിജിത്ത് ബാനർജി. ഏറ്റവും മോശം പ്രകടനം കാഴ്ച വെക്കുന്ന സമ്പദ്‌ വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും സർക്കാരിന്റെ ഉത്തേജന പാക്കേജുകൾ അപര്യാപ്തമാണെന്നും അദ്ദേഹം കുറ്റപെടുത്തി. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കൊവിഡ് വ്യാപനത്തിനു മുൻപു തന്നെ താഴേക്കായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2017-2018 വർഷത്തിൽ ഏഴ് ശതമാനം ആയിരുന്ന ജിഡിപി വളർച്ച 2018-2019 വർഷത്തിൽ 6.1 ആയി കുറയുകയും, 2019-2020 വർഷത്തിൽ ജിഡിപി വളർച്ച 4.2 ആയി കുത്തനെ കുറയുകയും ചെയ്തു. എന്നാൽ 2021 ൽ സ്ഥിതി ഇപ്പോഴത്തേതിനേക്കാൾ മെച്ചപെട്ടേക്കുമെന്നും അഭിജിത്ത് ബാനർജി വ്യക്തമാക്കി. ഇന്ത്യയുടെ സാമ്പത്തിക പാക്കേജ് കൂടുതൽ പരിമിതമായിരുന്നുവെന്നും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ താഴ്ന്ന വരുമാനക്കാരുടെ കൈയ്യിൽ പണം നൽകാൻ തയ്യാറാകാത്തതു കൊണ്ടാണ് അവരുടെ ഉപഭോഗം വർധിക്കാത്തതെന്നും അദ്ദേഹം കുറ്റപെടുത്തി. ഇന്ത്യൻ വിപണി ആഗോള പരമായി കൂടുതൽ മത്സര ക്ഷമത കൈവരിക്കണമെന്നും അഭിജിത്ത് ബാനർജി പറഞ്ഞു. ആവശ്യമുള്ളതെല്ലാം ആഭ്യന്തരമായി ഉത്പാദിപ്പിക്കുക എന്നത് തെറ്റായ ആശയമാണെന്നും നാം മികച്ച് നിൽക്കുന്ന മേഖല ഏതാണൊ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, എന്താണോ ആവശ്യം അത് മാത്രം ഇറക്കുമതി ചെയ്യണമെന്നും അഭിജിത്ത് ബാനർജി കൂട്ടിച്ചേർത്തു.

Content Highlights; India among worst performing economies in world: Abhijit Banerjee