യുപി പൊലീസിന് തിരിച്ചടി; ഹത്രാസ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്

ലക്‌നൗ: യുപി പൊലീസിന് തിരിച്ചടിയായി മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്. ഹത്രാസിലെ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന റിപ്പോര്‍ട്ടാണ് പെണ്‍കുട്ടിയെ ചികിത്സിച്ച അലിഗഢിലെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജ് പുറത്തു വിട്ടത്. പ്രഥമിക പരിശോധനയില്‍ ബലപ്രയോഗം നടന്നതായും പ്രതികള്‍ പെണ്‍കുട്ടിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പെണ്‍കുട്ടിയെ സെപ്റ്റംബര്‍ 14ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പീഡന വിവരം പെണ്‍കുട്ടി ഡോക്ടര്‍മാരെ അറിയിക്കുന്നത് സെപ്റ്റംബര്‍ 22നാണ്. പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നതിനാലാവാം താമസിച്ചതെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിശദീകരണം. അന്നു തന്നെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.

പ്രതികള്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിച്ചാല്‍ ശരീരത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്താന്‍ കഴിയില്ല. ഇക്കാര്യത്തില്‍ അതുണ്ടായോ എന്ന് പരിശോധിക്കേണ്ടത് പോലീസാണ്. ഒരുപക്ഷേ കൂട്ടബലാത്സംഗത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ പ്രതികള്‍ ഇത്തരത്തില്‍ മുന്‍കരുതലുകള്‍ സ്വീകരച്ചിട്ടുണ്ടാകാമെന്ന നിഗമനവും ഡോക്ടര്‍മാര്‍ മുന്നോട്ടുവയ്ക്കുന്നു. ബലാത്സംഗത്തിന് ഇരയായി പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഫോറന്‍സിക് ലാബിലേക്ക് സാംപിളുകള്‍ അയച്ചത്. സാംപിളുകള്‍ അയക്കാന്‍ വൈകിയതിനാല്‍ നിര്‍ണായകമായ തെളിവുകള്‍ നഷ്ടടപ്പെട്ടിട്ടുണ്ടായേക്കാമെന്ന വിലയിരുത്തലും ഡോക്ടര്‍മാര്‍ പങ്കുവയ്ക്കുന്നു.

Content Highlights: Aligarh Hospital MLC Report on Hathras Victim Shatters UP Police’s ‘No Rape’ Claim