കോണ്‍ഗ്രസിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെന്നത് സത്യം; പക്ഷേ ആരും എഴുതി തള്ളേണ്ടെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെന്നത് സത്മാണെന്ന് തുറന്ന പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. ബിജെപിയെ എതിര്‍ക്കുന്നതിന് കോണ്‍ഗ്രസ്-സിപിഎം കൂട്ടുകെട്ട് അനിവാര്യമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിലെ സിപിഎം മാത്രമാണ് കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടിനെ എതിര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന്റെ ശക്തി കുറഞ്ഞെങ്കിലും ആരും പാര്‍ട്ടിയെ എഴുതി തള്ളേണ്ടതില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബിജെപിയെ എതിര്‍ക്കുക എന്നതാണ് പ്രധാനമെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി, ബിജെപിക്കെതിരെ മതേതരത്വ ശക്തികള്‍ ഒന്നിക്കണമെന്നും ആഹ്വാനം ചെയ്തു. കഴിഞ്ഞ ബിഹാര്‍ തെരഞ്ഞെടുപ്പിലും കൂട്ടുകെട്ട് ഫലം ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് കൊണ്ട് മാത്രം എട്ടോളം സീറ്റുകളില്‍ ബിഹാറില്‍ ബിജെപി വിരുദ്ധ മുന്നണി തോറ്റതായി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

അതേസമയം, സോളാര്‍ കേസ് എല്‍ഡിഎഫ് അന്വേഷിക്കാത്തത് കോണ്‍ഗ്രസിന്റെ ഭാഗത്ത് തെറ്റില്ലെന്ന ബോധ്യമുള്ളത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളിയുടെ സ്ത്രീ വിരുദ്ധ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

Content Highlight: Oommen Chandy on importance of Congress-CPM alliance