അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്ക് പാക്കിസ്താൻ കൊവിഡിനെ മറയാക്കുന്നു; ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ

Pakistan taking advantage of Covid-19 to spread cross-border terrorism, hate: India at UN 

അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ നടത്താൻ പാക്കിസ്താൻ കൊവിഡ് മഹാമാരിയെ മറയാക്കുന്നുവെന്ന് ഇന്ത്യൻ പ്രതിനിധിയായ അഷിഷ് ശർമ ഐക്യരാഷ്ട്ര സംഘടനയിൽ പറഞ്ഞു. ഇന്ത്യയിലെ സാമുദായിക സമൂഹങ്ങളെ ഭിന്നിപ്പിക്കുന്നതിന് അനിയന്ത്രിതമായി വിദ്വേഷ പ്രചാരണങ്ങൾ പാക്കിസ്താൻ പടച്ചുവിടുകയാണെന്നും അദ്ദേഹം യുഎൻ യോഗത്തിൽ പറഞ്ഞു. സമകാലിക വംശീയത, വംശീയ വിവേചനം, വിദേശിയ വിദ്വേഷം തുടങ്ങിയ വിഷയങ്ങളിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു ഇന്ത്യയുടെ പെർമനൻ്റ് മിഷൻ സെക്രട്ടറി അഷിഷ് ശർമ. 

പാക്കിസ്താൻ്റെ വിദ്വേഷ പ്രസംഗങ്ങൾ ഇന്ത്യയിലെ ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടല്ലെന്നും നിരവധി സംഘടനകളേയും വ്യക്തികളേയും രാഷ്ട്രീയ നേതാക്കന്മാരേയും പാക്കിസ്താൻ അപമാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് എന്ന മഹാമാരിക്കെതിരെ ലോകം മുഴുവൻ ഒന്നിച്ചു നിൽക്കുമ്പോൾ പാക്കിസ്താൻ മാത്രം അതിർത്തി കടന്നുള്ള ഭീകരത പ്രചരിപ്പിക്കുകയാണ്. ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ രാജ്യത്ത് കലാപം ഉണ്ടാകാൻ ഇടയാക്കുന്നു. ഭാഗ്യവശാൽ ഇത്തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങൾ ജനാധിപത്യ ചട്ടക്കൂടിൽ രൂപപ്പെട്ട, എല്ലാ സമുദായത്തിലേയും ആളുകൾ ഐക്യത്തോടെ ജീവിക്കുന്ന ഇന്ത്യൻ സമൂഹത്തിന് ബാധകമാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവേചനവും അസഹിഷ്ണുതയും കലാപവും ഇല്ലാതാക്കി സ്വന്തം രാജ്യത്ത് സഹവർത്തിത്വം ഉറപ്പാക്കാനാണ് പാക്കിസ്താൻ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

content highlights: Pakistan taking advantage of Covid-19 to spread cross-border terrorism, hate: India at UN