കൊവിഡ് രോഗികളുടെ വീടിന് പുറത്ത് രോഗികളുടെ വിവരങ്ങളടങ്ങിയ പോസ്റ്റർ പതിക്കരുതെന്ന് എല്ലാ അധികൃതർക്കും നിർദേശം നൽകിയെന്ന് ഡൽഹി സർക്കാർ ഹെെക്കോടതിയെ അറിയിച്ചു. ഇത്തരത്തിൽ പോസ്റ്റർ പതിച്ചിട്ടുണ്ടെങ്കിൽ ഉടൻതന്നെ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. കൊവിഡ് രോഗികളുടെ വ്യക്തിവിവരങ്ങൾ വീടിന് പുറത്ത് പരസ്യപ്പെടുത്തുന്നതിനെതിര സമർപ്പിച്ച ഹർജിയിൽ മറുപടി പറയുകയായിരുന്നു ഡൽഹി സർക്കാർ. കൊവിഡ് സ്ഥിരീകരിച്ച വ്യക്തികളുടെ വീടിൻ്റെ പുറത്ത് വിവരങ്ങൾ പ്രദർശിപ്പിക്കുന്നത് സ്വകാര്യതയ്ക്കുള്ള അവകാശത്തിനുള്ള ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്
ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് തുടങ്ങിയവർ അധ്യക്ഷരായ ബെഞ്ചാണ് പരാതിക്കാരനായ കുഷ് കൽരയുടെ ഹർജി പരിഗണിച്ച് സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടത്. കൊവിഡ് രോഗികളുടെ വിവരങ്ങൾ പരസ്യമാക്കാതിരിക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരൻ്റെ അഭിഭാഷകൻ ചിൻമയി ഷർമ ഹെെക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സർക്കാരിൻ്റെ പുതിയ ഉത്തരവ്. കൂടാതെ കൊവിഡ് പോസിറ്റീവ് ആയ രോഗികളുടെ വിവരങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിലൊ റസിഡൻ്റ് വെൽഫെയർ അസോസിയേഷനോ അയൽവാസികൾക്കൊ നൽകരുതെന്ന് അധികൃതർക്ക് നിർദേശം നൽകാനും കോടതി ഡൽഹി സർക്കാരിനോട് നിർദേശിച്ചു.
content highlights: Posters won’t be pasted outside homes of Covid-19 patients: Delhi govt tells high court