വാഷിങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കാഴ്ച്ച വെച്ച ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് അഭിനന്ദന പ്രവാഹമാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുയരുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിജയത്തിന് തിളക്കം കൂട്ടുന്നത് ഇന്ത്യന്‍ വംശജയും കറുത്ത വര്‍ഗക്കാരിയുമായ കമല ഹാരിസ് യുഎസിന്റെ പ്രഥമ വനിത വൈസ് പ്രസിഡന്റായി എന്നതാണ്. ഇതിലേറെ അമേരിക്കയിലെ പുരോഗമന വാദികള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് അമേരിക്കയുടെ പ്രഥമ വനിത സ്ഥാനത്തേക്ക് ഉയര്‍ന്ന ജില്‍ ബൈഡനെയാണ്. അമേരിക്കയുടെ പ്രഥമ വനിത യാഥാസ്ഥിതിക കാഴ്ച്ചപ്പാടുകള്‍ ജില്‍ ബൈഡന്‍ തിരുത്തി കുറിക്കുമോയെന്നാണ് അമേരിക്ക ഇപ്പോള്‍ ഉറ്റു നോക്കുന്നത്.
പ്രഥമ വനിത പദവിയിലെത്തുന്ന ആദ്യ ഇറ്റാലിയന്‍ അമേരിക്കക്കാരിയെന്ന പ്രത്യേകതയും ജില്ലിനുണ്ട്. വിദ്യാഭ്യാസത്തില്‍ ഡോക്ടറേറ്റ് നേടിയ ജില്‍ വെര്‍ജീനിയ കമ്മ്യൂണിറ്റി കോളേജില്‍ അധ്യാപികയാണ്. ഇരു വേഷങ്ങളെയും മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയുന്ന ഒരു പ്രഥമ വനിതയെയാണ് പുരോഗമന വാദികള്‍ ഉറ്റുനോക്കുന്നത്. ഇത് 21-ാം നൂറ്റാണ്ടാണെന്നും പ്രഥമ വനിത പദവിയെകുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ മാറേണ്ട സമയമായെന്നുമാണ് അവരുടെ വാദം.
ജോലി നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രഥമവനിതയുടെ അതിശയകരമായ ദൗത്യങ്ങള്‍ നിര്‍വഹിക്കാനാവുക എന്നുളളത് വെല്ലുവിളി നിറഞ്ഞതാണെന്നും അവര്‍ പറയുന്നു. എന്നാല്‍, ജില്‍ ബൈഡന്‍ അധ്യാപക വൃത്തിയില്‍ തുടര്‍ന്നാല്‍ പ്രഥമ വനിത പദവിയെ കുറിച്ചുള്ള പ്രതീക്ഷകളും പരിമിതികളും എന്നന്നേക്കുമായി ജില്‍ തിരുത്തുമെന്നും അവര്‍ ചൂണ്ടികാണിക്കുന്നു.
അധികം വൈകാതെ അമേരിക്കക്ക് ഒരു പ്രഥമ പുരുഷന്‍ എന്ന ആഗ്രഹവും പുരോഗമനവാദികള്‍ പങ്കുവെക്കുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് പദവി ഒരു സ്ത്രീ അലങ്കരിക്കുന്നതും അവരുടെ പങ്കാളി പ്രഥമ പങ്കാളി സ്ഥാനം അലങ്കരിക്കുന്നതും താമസിയാതെ കാണാനാകുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവെക്കുന്നു.
Content Highlight: US presidential Election 2020; Will Jill Biden reform the role of US First Lady?