‘നമ്മൾ നേടിയെടുത്തു ജോ’… അമേരിക്കൻ ചരിത്രം തിരുത്തിക്കുറിച്ച് ആദ്യ വനിത വെെസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ഏഷ്യൻ വംശജയായ കമല ഹാരിസ് വിജയം ഉറപ്പിച്ചതിന് തൊട്ടു പിന്നാലെ ജോ ബെെഡനെ അഭിനന്ദിച്ച് പറഞ്ഞ വാക്കുകൾ. യുവത്വം തുളുമ്പുന്ന ചുറുചുറുക്കുള്ള കറുത്ത വർഗക്കാരി കമല ഹാരിസ് അമേരിക്കൻ ഡെമോക്രാറ്റിക് പാർട്ടിയുടെ ഭാവിമുഖമായി മാറിയത് വളരെ പെട്ടെന്നായിരുന്നു. തെരഞ്ഞെടുപ്പ് എന്ന വലിയ മത്സരത്തിൽ മുൻനിരക്കാരോടൊപ്പം ഓടിയെത്താൻ വളരെ പണിപ്പെടുകയും കൃത്യമായ നിലപാടുകൾ തുടക്കത്തിൽ ആവിഷ്കരിക്കാൻ കഴിയാതെ വന്നപ്പോഴും സ്വയം നോമിനേഷൻ പിൻവലിക്കേണ്ടിവന്ന അവസ്ഥയിൽ നിന്നും ഇപ്പോൾ അമേരിക്കൻ പ്രസിഡൻ്റ് ജോ ബെെഡനൊപ്പം നിന്ന് ചരിത്രം രേഖപ്പെടുത്താൻ കമല ഹാരിസിന് കഴിയുന്നത് അവരുടെ നിശ്ചയദാർഢ്യം കൊണ്ടുമാത്രമാണ്. 2016ൽ അമേരിക്കൻ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കാലിഫോർണിയൻ പ്രെെമറികളിൽ അമേരിക്കൻ പ്രഡിൻ്റാകാനുള്ള ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളുടെ കൂട്ടത്തിൽ കമലയുടെ പേരും മുൻനിരയിൽ ഉണ്ടായിരുന്നു. എന്നാൽ പ്രചാരണം അധികം നീണ്ടുപോകാതെ നോമിനേഷൻ പിൻവലിക്കപ്പെട്ടു. വെെസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള കമലയുടെ യാത്ര അവിടെ അവസാനിച്ചെന്ന് പലരും കരുതി. പക്ഷെ ഇത് കമലയുടെ രണ്ടാം വരവായിരുന്നു.
ജമെെക്കക്കാരനായ ഡോണാൾഡ് ജെ ഹാരിസിൻ്റേയും ഇന്ത്യൻ വംശജയായ ശ്യമള ഗോപാലൻ്റേയും മകളായി 1964 ഒക്ടോബർ 20ന് അമേരിക്കയിലെ ഒക് ലൻ്റിലാണ് കമലാദേവി ഹാരിസ് എന്ന കമലാ ഹാരിസിൻ്റെ ജനനം. കമലയുടെ അമ്മ ശ്യാമള ഗോപാലന് ജനിച്ചത് ഇന്ത്യയിലെ മദ്രാസ് പ്രെസിഡെന്‍സിയില്‍ ആയിരുന്നു. ബ്രിട്ടീഷ് സര്‍വീസില്‍ ഉന്നതോദ്യോഗസ്ഥനായിരുന്ന പിവി ഗോപാലനും രാജത്തിനും ജനിച്ച നാല് മക്കളില്‍ ഒരാളായിരുന്നു ശ്യാമള. അമേരിക്കയിലെ ബെര്‍ക്ക്ലി കോളജില്‍ പഠിക്കാനെത്തിയ ശ്യാമള അവിടെവെച്ചാണ് ജമൈക്കക്കാരനായ ഡോണാള്‍ഡ് ഹാരിസിനെ പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. 2014ല്‍ അമ്പതാമത്തെ വയസിലാണ് അഭിഭാഷകനായ ഡഗ്ലസ് എംഹോഫിനെ കമലാ ഹാരിസ് വിവാഹം കഴിക്കുന്നത്.
കമലാ ഹാരിസ് 2004ൽ സാൻഫ്രാൻസിസ്കോയിലെ അറ്റോർണി ജനറലായി തെരഞ്ഞെടുക്കപ്പെടുന്നതോടെയാണ് പൊതുരംഗത്ത് സജീവമാകുന്നത്. ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ പ്രത്യേകിച്ച് സുപ്രീം കോടതി നോമിനി ബ്രെറ്റ് കാവനോറിനേയും മുൻ അറ്റോർണി ജനറൽ ജെഫ് സെഷനേയും സെനറ്റ് സമ്മേളനങ്ങളിൽ വിമർശിച്ചു തുടങ്ങിയതോടെയാണ് ലിബറൽ നേതാക്കളുടെ ഇടയിൽ കമല ശ്രദ്ധ ആകർഷിച്ചു തുടങ്ങുന്നത്. ട്രംപിൻ്റെ കുടിയേറ്റ നിയമങ്ങൾക്കെതിരെ നിരന്തരം പോരാടിയിരുന്ന ആളായിരുന്നു ഹാരിസ്. കുട്ടികളുമായി രേഖയില്ലാതെ രാജ്യത്തേക്ക് വരുന്നവരെ നാടുകടത്തുന്ന ട്രംപ് ഭരണകൂടത്തിൻ്റെ നിയമത്തിനെതിരെ പോരാടുകയും ഇവരെ സംരക്ഷിക്കുന്നതിനായി കരാർ രൂപികരിക്കാൻ മുൻകെെയെടുക്കുകയും ചെയ്തിരുന്നു.
2016 അമേരിക്കൻ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ കറുത്ത വർഗക്കാരിയായതോടെ കമല ചരിത്രം രേഖപ്പെടുത്താൻ തുടങ്ങി. അമേരിക്കയിൽ നിലനിന്നിരുന്ന സ്വത്വരാഷ്ട്രീയത്തിനെതിരെ ശബ്ദമുയർത്തുകയും ലെെംഗീക ആഭിമുഖ്യം, ലിംഗഭേദം, വംശം എന്നിവയോടുള്ള വിവേചനമാണ് സ്വത്വരാഷ്ട്രീയമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഗർഭഛിദ്രത്തെകുറിച്ചും 2016 തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുകളെകുറിച്ച് കണ്ടെത്തിയ പ്രത്യേക ഉപദേശക അന്വേഷണ സംഘത്തെകുറിച്ചുള്ള കാവനോറിൻ്റെ തെറ്റായ നിലപാടുകളെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിരുന്ന ചുരുക്കം ചില ഡെമോക്രാറ്റുകളിൽ ഒരാളായിരുന്നു കമല ഹാരിസ്.
വരുമാനം കുറഞ്ഞ കുടംബങ്ങൾക്ക് ചെലവുകൾക്കും വരുമാനം വർധിക്കുന്നതിനും ടാക്സ് ക്രെഡിറ്റ് നൽകാൻ സെനറ്റിൽ നിയമം പാസാക്കിയത് കമലയാണ്. ക്രിമിനൽ നീതി നിയമ പരിഷ്കാരങ്ങളുടെ ശക്തമായ വക്താവ് കൂടിയായിരുന്നു ഹാരിസ്. 2019ൽ പ്രസിദ്ധീകരിച്ച കമലയുടെ ഒരു ഓർമ്മകുറുപ്പിൽ തന്നെ പ്രോഗ്രസീവ് പോസിക്യൂട്ടർ എന്നാണ് സ്വയം വിശേഷിപ്പിച്ചത്. പോലീസിനെ കൂടുതൽ പിന്തുണയ്ക്കുകയും നിയമപാലകരെ കൂടുതൽ സൂക്ഷ്മ വിചാരണയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നത് തെറ്റായ രീതിയാണെന്നും കമല ഓർമ്മകുറുപ്പിൽ പങ്കുവെച്ചിരുന്നു.
പാർട്ടിയിൽ തന്നെ ഹാരിസിൻ്റെ നിലപാടുകളോട് വിമുഖത വെച്ചുപുലർത്തുന്നവർ ഉണ്ടായിരുന്നു. ക്രിമിനൽ നീതി നിയമ പരിഷ്കരണങ്ങളോടുള്ള കമലയുടെ സമീപനവും ലെെംഗിക തൊഴിലാളികളും പാർട്ടിയിലെ ശത്രുക്കളും കൊണ്ടുവന്ന കേസുകൾ ഏറ്റെടുക്കുന്നതിൽ കാണിച്ച കമലയുടെ താൽപര്യവും പാർട്ടിയിലെ ചിലർ തന്നെ വിമർശിച്ചിരുന്നു. രാജ്യത്തെ സേവിക്കാൻ ഏറ്റവും യോഗ്യയായ ഭയമില്ലാത്ത പോരാളിയെ തൻ്റെ ഒപ്പം മത്സരിക്കാൻ തെരഞ്ഞെടുക്കുന്നുവെന്നാണ് അമേരിക്കൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബെെഡൻ കമല ഹാരിസിനെ കുറിച്ച് പറഞ്ഞത്.
231 വർഷത്തിനിടയിൽ ഒരു വനിത പോലും അമേരിക്കയിൽ പ്രസിഡൻ്റോ വെെസ് വെെസ് പ്രസിഡൻ്റോ ആയിട്ടില്ലെന്ന ചരിത്ര യാഥാർത്ഥ്യത്തെ തിരുത്തികുറിച്ചുകൊണ്ടാണ് ഏഷ്യൻ അമേരിക്കൻ വംശജയായ കമല ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടത്. ജെറാൾഡെൻ ഫെരാരോ, സാറാ പാലിൻ എന്നിവർക്കുശേഷം വെെസ് പ്രസിഡൻ്റ സ്ഥാനത്തേക്ക് മത്സരിച്ച മൂന്നാമത്തെ വനിത കൂടിയായ കമല ഹാരിസ് ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് വലിയ പ്രചോദനം കൂടിയാണ്.
content highlights: Kamala Harris makes history as first ‘Madam Vice President’