ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി അനധികൃതമായി വില്‍പ്പന നടത്തിയത് ചോദ്യം ചെയ്ത് വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടി കൊന്നു. തമിഴന്‍ ടിവി റിപ്പോര്‍ട്ടറായ ജി മോസസാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച രാത്രിയോടെയാണ് സംഭവം.
വീടിനു പുറത്ത് നിന്ന് ചിലര്‍ വിളിക്കുന്നത് കേട്ട് സുഹൃത്തുക്കളാണെന്ന് കരുതി പുറത്തിറങ്ങിയ മോസസിനെ ഒരു സംഘം കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. വീട്ടിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ പുറകെയെത്തി വെട്ടി വീഴ്ത്തുകയായിരുന്നു. കരച്ചില്‍ കേട്ട് വീട്ടുകാരും അയല്‍കാരും ഓടിയെത്തിയപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ട് കഴിഞ്ഞിരുന്നു. മോസസിനെ ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
പ്രദേശത്തെ പുറമ്പോക്ക് ഭൂമി ചിലര്‍ കൈയേറി അനധികൃതമായി മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചത് മോസസ് അടക്കമുള്ളവര്‍ ചോദ്യംചെയ്തിരുന്നു. ഇതേതുടര്‍ന്ന് പ്രദേശവാസികള്‍ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസും അനധികൃത കൈയേറ്റങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു. പ്രദേശവാസികളെ സംഘടിപ്പിച്ചതിനും അനധികൃത കൈയേറ്റങ്ങളെക്കുറിച്ച് വാര്‍ത്ത നല്‍കിയതിനും പിന്നില്‍ യേശുദാസനും മോസസുമാണെന്നാണ് കൈയേറ്റക്കാര്‍ കരുതിയത്.
ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന്റെ പിതാവ് യേശുദാസന്‍ മലൈ തമിഴകം പത്രത്തിലെ മാധ്യമപ്രവര്‍ത്തകനാണ്. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
Content Highlight: Journalist hacked to Death in Tamil Nadu