കേന്ദ്രസർക്കാരിൻ്റെ കാർഷിക നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ. കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് തനിക്ക് ലഭിച്ച പത്മവിഭൂഷൺ സർക്കാരിന് ബാദൽ തിരികെ നൽകി. കർഷകരെ ഒറ്റുകൊടുക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് പുരസ്കാരം തിരികെ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. കാർഷിക ബില്ലിനെതിരായ കർഷകരുടെ സമാധാനപരവും ജനാധിപത്യപരവുമായ സമരത്തെ സർക്കാർ പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം പ്രസിഡൻ്റ് രാംനാഥ് കോവിന്ദിന് നൽകിയ കത്തിൽ പറയുന്നു.
പിന്നാലെ രാജ്യസഭാംഗവും എസ്എഡി ഡെമോക്രാറ്റിന് നേതാവുമായ സുഖ്ദേവ് സിംഗ് ദിന്ദ്സയും പത്മവിഭൂഷൺ തിരികെ നൽകുമെന്ന് അറിയിച്ചു. കൂടാതെ കേന്ദ്ര സർക്കാരിൻ്റെ പുതിയ കർഷിക നയങ്ങളിൽ പ്രതിഷേധിച്ചും കർഷകരെ പിന്തുണച്ചുകൊണ്ടും തങ്ങൾക്ക് ലഭിച്ച പത്മശ്രീ, അർജുന പുരസ്കാരങ്ങൾ തിരിച്ചുനൽകുമെന്ന് കായിക താരങ്ങളും അറിയിച്ചിരുന്നു. പത്മശ്രീയും അർജുന പുരസ്കാരവും നേടിയിട്ടുള്ള ഗുസ്തി താരം കർത്താർ സിങ്, ബാസ്ക്കറ്റ് ബോൾ താരമായ സജ്ജൻ സിങ്, ഹോക്കി താരമായ രാജ്ബിർ കൌർ എന്നിവരാണ് പുരസ്കാരങ്ങൾ തിരികെ നൽകുമെന്ന് അറിയിച്ചത്.
content highlights: Parkash Singh Badal, Sukhdev Dhindsa return national awards in protest against farm laws