ഫ്രാൻസിൽ തീവ്രവാദി ഗ്രൂപ്പുകളെന്ന് ആരോപിക്കുന്നവർക്കെതിരെ നടപടികൾ ശക്തിപ്പെടുത്തി ഫ്രഞ്ച് സർക്കാർ. ഫ്രാൻസിലുള്ള 76ലധികം പള്ളികൾ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായി സംശയം ഉണ്ടെന്ന് ഫ്രാൻസ് ആഭ്യന്തര മന്ത്രി ജെറാൾഡ് ദർമാനിൻ പറഞ്ഞു. വരും ദിവസങ്ങളിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്നും തീവ്രവാദ പ്രവർത്തനം നടക്കുന്നതായി തെളിവുകൾ ലഭിച്ചാൽ പള്ളികൾ അടച്ചുപൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് സംശയം തോന്നിയ 66 കുടിയേറ്റക്കാരെ തിരിച്ചയച്ചതായും ആഭ്യന്തര മന്ത്രി അറിയിച്ചു. ഫ്രാൻസിലെ ഇസ്ലാമിക വിഘടനവാദത്തെ തടയാൻ നടപടികൾ ശക്തമാക്കിയതായി ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ നേരത്തെ അറിയിച്ചിരുന്നു. മാക്രോണിൻ്റെ നടപടികളിൽ പലതും വലിയ എതിർപ്പുകൾക്കും വഴിവെച്ചിരുന്നു. ഒക്ടോബർ 20ന് പ്രവാചകൻ മുഹമ്മദിൻ്റെ കാർട്ടൂൺ കാണിച്ചതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് പാരീസിലെ ഒരു പ്രമുഖ മുസ്ലീം പള്ളി അടച്ചുപൂട്ടിയിരുന്നു. ഫ്രാൻസിലെ ശത്രുക്കൾക്ക് ഇനി ഒരു മിനിറ്റ് പോലും സമയം നൽകില്ലെന്നായിരുന്നു അന്ന് ജെറാൾഡ് ദർമാൻ പ്രതികരിച്ചത്.
content highlights: France: 76 mosques face closure, 66 migrants deported