ഹൈക്കോടതിയിലെ ഐടി നിയമനങ്ങളിലും ശിവശങ്കറിന്റെ ഇടപെടല്‍; വിവര ചോര്‍ച്ച ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷണം

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ഹൈക്കോടതിയിലെ ഐടി നിയമനത്തിലും പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. നേരത്തെ സ്‌പേസ് പാര്‍ക്കില്‍ സ്വപ്നയെ നിയമിച്ചതില്‍ ശിവശങ്കറിന്റെ പങ്ക് സംബന്ധിച്ച് വിവാദം ഉയര്‍ന്നതിന് പിന്നാലെയാണ് ഹൈക്കോടതിയിലെ ഐടി നിയമനത്തിലും ശിവശങ്കറിന്റെ പങ്ക് പുറത്തു വരുന്നത്.

എന്‍ഐസിക്ക് പകരം അഭിമുഖം മാത്രം നടത്തി കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമനം. അഞ്ചംഗ ടീമിന് അറുപതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയായിരുന്നു ശമ്പളം. ഇവരെ നിയമിച്ച ശേഷം വിവര ചോര്‍ച്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ച് വരികയാണ്. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ തെളിവുകള്‍ കസ്റ്റംസ് മുദ്രവെച്ച് കവറില്‍ കോടതിയില്‍ നല്‍കി. ശിവശങ്കറിനെ സംബന്ധിച്ചുള്ള കൂടുതല്‍ തെളിവുകളാണ് കസ്റ്റംസ് നല്‍കിയത്.

അതേസമയം, സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസില്‍ ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഡീഷണല്‍ സിജെഎം കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

Content Highlight: Sivasankar involved in appointment of IT personnel in High Court