കൊവിഡ് വാക്സിൻ നിർബന്ധമാക്കരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. വാക്സിൻ്റെ ഗുണങ്ങളെ കുറിച്ച് ജനങ്ങളിൽ ബോധവത്കരണം നടത്തുകയാണ് വേണ്ടതെന്നും വാക്സിൻ നിർബന്ധമാക്കുന്നത് തെറ്റായ രീതിയാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ജനങ്ങളുടേതായിരിക്കണം അന്തിമ തീരുമാനം. കൊറോണ വെെറസിനെതിരെയുള്ള വാക്സിനേഷൻ ക്യാമ്പയ്നുകൾ എങ്ങനെ നടത്തണമെന്ന് രാജ്യങ്ങളെ ബോധവത്കരിക്കണമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
ബ്രിട്ടണിൽ ഫെെസർ, ബയോഎൻടെക് വാക്സിനുകൾ ഇന്ന് നൽകി തുടങ്ങുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം. ബ്രിട്ടനിൽ ആദ്യ ആഴ്ച എട്ടുലക്ഷം പേർക്കാണ് വാക്സിൻ നൽകുന്നത്. അതേസമയം ഇന്ത്യയിൽ കൊവിഡ് വാക്സിന് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് പുണെ സെറം ഇൻസ്റ്റിറ്റ്യൂട്ടും ഫെെസർ ഇന്ത്യയും സമർപ്പിച്ച അപേക്ഷകളിൽ രണ്ടാഴ്ചക്കുള്ളിൽ തീരുമാനമുണ്ടാകും. ഇന്ത്യയിൽ പരീക്ഷണം നടത്താതെ തന്നെ വാക്സിന് അംഗീകാരം നൽകണമെന്നാണ് ഫെെസറിൻ്റെ ആവശ്യം. പരീക്ഷണത്തിൽ പങ്കെടുത്തവരിൽ കുറച്ചുപേരുടെ ഫലം സംബന്ധിച്ച ഇടക്കാല റിപ്പോർട്ടുമായാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ നൽകിയത്. ഓക്സ്ഫോർഡ് വികസിപ്പിച്ച വാക്സിൻ കോവിഷിൽഡ് എന്ന പേരിലാണ് സെറം വിപണിയിലെത്തുക.
content highlights: WHO against mandatory Covid-19 vaccines